എറണാകുളം: ആദായനികുതി വകുപ്പ് യുട്യൂബർമാർക്കെതിരായ അന്വേഷണത്തിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. 2 കോടി വരെ നികുതി വെട്ടിപ്പ് നടത്തിയവരും ഇവരുടെ കൂട്ടത്തിലുണ്ട്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഒരു രൂപ പോലും നികുതി അടയ്ക്കാത്തവരുണ്ടെന്നും കണ്ടെത്തി.
മറ്റ് യുട്യൂബർമാർക്കും അടുത്തയാഴ്ച മുതൽ നോട്ടീസ് അയക്കും. നികുതി അടച്ചിട്ടില്ലാത്തവർ അതിന് വേണ്ടി തയ്യാറാകാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ യുട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പത്തോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പ്രമുഖ യുട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടത്തി. യുട്യൂബർമാർക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കുന്നില്ല എന്നായിരുന്നു കണ്ടെത്തൽ.
ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു പരിശോധന നടത്തിയത്. സംസ്ഥാനത്ത് വലിയ തോതിൽ വരുമാനം ലഭിക്കുന്ന നിരവധി യുട്യൂബർമാരാണുള്ളത്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോഴിക്കോടും കൊച്ചിയുമുൾപ്പെടെ പത്തിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
Comments