ടെലികോം രംഗത്തെ വമ്പന്മാരാണ് റിലയൻസ് ജിയോ. രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ് വർക്ക് ദാതാക്കളാണ് ജിയോ. ഇന്ത്യൻ ടെലികോം വിപണിയുടെ സ്വഭാവവും രാജ്യത്തെ വരിക്കാരുടെ ഡാറ്റ ഉപഭോഗത്തിന്റെ ശീലവും മാറ്റി മറിച്ച് ജനങ്ങളെ ഇന്റർനെറ്റ് ലോകത്തിന്റെ മറ്റൊരു തലത്തിലെത്തിക്കുന്നതിൽ പ്രഥമ പങ്ക് വഹിച്ച ജിയോ പുത്തൻ 5ജി സ്മാർട്ട് ഫോൺ പുറത്തിറക്കാനൊരുങ്ങുകയാണ്. ജിയോ 5ജി സ്മാർട്ട് ഫോണുകൾ ഈ വർഷം അവസാനം അവതരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജിയോഫോൺ 5ജിയുമായി ബന്ധപ്പെട്ട നിരവധി സൂചനകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ലോഞ്ചിന് മുൻപ് തന്നെ ഫോണിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്, അർപിത് പട്ടേൽ എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഗുളികയുടെ ആകൃതിയുള്ള ക്യാമറ മൊഡ്യൂളുള്ള ഫോണിൽ ഡാർക്ക് ബ്ലൂ ടോണാണ് കാണുന്നത്. വെർട്ടിക്കലായുള്ള ക്യാമറ മെഡ്യുളോട് കൂടിയ ഫോണിന്റെ പുറകിൽ ജിയോയുടെ ബ്രാൻഡിംഗുമുണ്ട്. 13 എംപി + 2 എംപി റിയർ ക്യാമറയും അഞ്ച് എംപി ഫ്രണ്ട് ക്യാമറയുമാണ് ഇതിന്. 6.6 ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. ഫ്രണ്ട് പാനലിൽ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയ്ക്കുണ്ടാവുമെന്നാണ് പ്രതീക്ഷ. ഫോട്ടോയിൽ കാണുന്ന ഫോണിന്റെ ഡിസ്പ്ലേയിൽ ഡൗൺലോഡ് വേഗത 479 എംബിപിഎസ് കാണിക്കുന്ന ജിയോ 5ജി സ്പീഡ് ടെസ്റ്റുമുണ്ട്. ജിയോ ഫോൺ 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി ചിപ്പ്സെറ്റോ യൂണിസോക്ക് 5ജി ചി്പ്സെറ്റോ ഉപയോഗിക്കാനാണ് സാദ്ധ്യത. ഫോണിന്റെ ഫ്രണ്ട് പാനലിൽ 5മെഗാ പിക്സൽ ക്യാമറ ഉണ്ടായിരിക്കും.
https://twitter.com/ArpitNahiMila/status/1671799350329217028?s=20
ഗൂഗിളുമായി സഹകരിച്ചുകൊണ്ടാണ് ജിയോഫോണുകൾ പുറത്തിറക്കുന്നത്. പ്രഗതി ഒഎസ് എന്ന് വിളിക്കുന്ന ആൻഡ്രോയിഡ് ഒഎസിലാണ് ജിയോഫോണുകൾ പ്രവർത്തിക്കുന്നത്. ജിയോഫോൺ 5ജിയും ഇതേ ഒഎസിന്റെ പുതിയ പതിപ്പുമായി വരും. ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. 10,000 രൂപയിൽ താഴെയായിരിക്കും വിലയെന്നും ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കുന്നു.















