ന്യൂഡൽഹി: ജിഹാദിനായി അടുത്ത കാലത്ത് രാജ്യം വിട്ട പോപ്പുലർ ഫ്രണ്ട് ഭീകരരുടെ പട്ടിക തയ്യാറാക്കി
എൻഐഎ. പോപ്പുലർ ഫ്രണ്ടിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്ന 35 പേരാണ് അടുത്ത കാലത്തായി ജിഹാദിനായി രാജ്യം വിട്ടത്. ഇതിൽ 20 പേരും കേരളത്തിൽ നിന്നാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. കേരളത്തിൽ നിന്നും പോയവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുള്ളതായാണ് എൻഐഎ നൽകുന്ന വിവരം.
ഇതിൽ കണ്ണൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ ഭീകരർ ജിഹാദിനായി പുറപ്പെട്ടത്. 15 പേരാണ് ജില്ലയിൽ നിന്നും മാത്രമായി വിദേശത്തേയ്‌ക്ക് കടന്നത്. പട്ടികയിലുള്ള ഭൂരിപക്ഷം ഭീകരരും നിലവിലുള്ളത് സിറിയയിലും അഫ്ഗാനിസ്ഥാനിലുമാണെന്നാണ് എൻഐഎ നൽകുന്ന വിവരം.
പുറപ്പെട്ടുപോയതിൽ 12 പേർ സുരക്ഷാസേനയുടെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതായി എൻഐഎ വ്യക്തമാക്കുന്നു. കോഴിക്കോട് സ്വദേശി ഷജീർ മംഗലശ്ശേരി, കണ്ണൂർ സ്വദേശികളായ മുഹമ്മദ്ഷാജി, ഷമീർ ടി.വി, സൽമാനുൾ ഫാരിസ്, അബ്ദുൾ മനാഫ്, സഫാൻ, ഷഹ്‌നാദ്, തസ്‌ലീം, അബ്ദുൾ കയൂം, അൻവർ, സജാദ്, നിസാമുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
കേരളത്തിൽ നിന്നും ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേയ്‌ക്ക് പോകുന്നവരുടെ കഥ പറയുന്ന സിനിമ കേരള സ്റ്റോറിയ്‌ക്കെതിരെ സംസ്ഥാനത്തെ പ്രധാന കക്ഷികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.















