ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ അണിയറപ്രവർത്തകർ പുറത്തു വിടുന്ന ഓരോ അപ്ഡേറ്റുകളും വളരെയധികം കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്ന വിവരങ്ങളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് ടീസർ മഹേഷ് ബാബുവും തമിഴ് ടീസർ ചിമ്പുവുമാണ് റിലീസ് ചെയ്യുന്നത്. ദുൽഖറിനൊപ്പം തെന്നിന്ത്യയിലെ തന്നെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ഒരു ഹൈബഡ്ജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ ടീസറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂൺ 28-ന് വൈകുന്നേരം ആറ് മണിയ്ക്കാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെതായി പുറത്തുവിട്ട മോഷൻ പോസ്റ്ററിനും വളരെ വലിയ പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററായിരുന്നു ഇത്. ഇതിൽ ജേക്സ് ബിജോയ് ഒരുക്കിയ ബാഗ്രൗണ്ട് സ്കോറിംഗിനും നിരവധി അഭിനന്ദനം ലഭിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ഇതിനോടകം 8 മില്യണിലധികം ആളുകളാണ് മോഷൻ പോസ്റ്റർ കണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുൻപ് യുവ നടന്മാരിൽ ആരെയാണ് ഇഷ്ടമെന്ന ചോദ്യത്തിന് മഹേഷ് ബാബു ഉത്തരം നൽകിയത് ദുൽഖർ സൽമാനെയാണ് എന്നായിരുന്നു. ഇപ്പോഴിതാ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിന്റെ ടീസർ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിയ്ക്കുന്നതും മഹേഷ് ബാബു തന്നെയാണ്.
അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വേഫെയർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്. ഷാൻ റഹ്മാനും ജേക്സ് ബിജോയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, ആക്ഷൻ : രാജശേഖർ, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വേഫേറെർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.
Comments