സ്മാർട്ട്‌ഫോണുകൾ ലോകം കീഴടക്കിയപ്പോൾ വെറുമൊരു കടലാസു തുണ്ടിൽ, കുത്തികുറിച്ചായ്‌ക്കുന്നതിന് വംശനാശം നേരിട്ടു. സെക്കൻഡുകൾക്കുള്ളിൽ ലോകത്തെവിടെയിരുന്നും ആശയവിനിമയം ചെയ്യാൻ കഴിയുമ്പോൾ എവിടെയാണ് കത്തിന് പ്രാധാന്യമുള്ളത്? എന്നാൽ അങ്ങനെ കരുതാൻ വരട്ടെ ! കത്തിന് പ്രാധാന്യമുള്ള, കത്തയയ്‌ക്കാൻ തിരക്കുള്ള ഒരു സ്ഥലമുണ്ട്. പക്ഷേ അത് നമ്മുടെ കേരം തിങ്ങും കേരളത്തിൽ അല്ല, മറിച്ച് പെൻഗ്വിനുകളുടെ നാട്ടിൽ ! അതെ അന്റാർട്ടിക്കയിലാണ് ലോകത്തിലെ ഏറ്റവും വിദൂരമായി പ്രവർത്തിക്കുന്ന പോസ്റ്റോഫീസുള്ളത്. തിരക്കുള്ള അന്റാർട്ടിക്കയിലെ ആ പോസ്‌റ്റോഫീസിനെ കുറിച്ചറിയാം..
അന്റാർട്ടിക്കയിലെ പെനിൻസുലയിലുള്ള ഗൗഡിയർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന പോർട്ട് ലോക്ക്‌റോയ് പോസ്റ്റ് ഓഫീസ് പെൻഗ്വിൻ പോസ്‌റ്റോഫീസെന്നും അറിയപ്പെടുന്നു. ഇവിടെയെത്തുന്നവർക്ക് തെക്കേയറ്റത്തെ ഭൂഖണ്ഡത്തിൽ നിന്ന് പോസ്റ്റ്കാർഡുകളും കത്തുകളും അയയ്‌ക്കാൻ അനുവദിക്കുമെന്ന പ്രത്യേകതയാണ് വിനോദസഞ്ചാരികളെ ഇവിടേയ്‌ക്കാകർഷിക്കുന്നത്. ഒരിക്കൽ ഒരു ഗവേഷണ കേന്ദ്രമായിരുന്ന ഈ സ്ഥലം ഇപ്പോൾ അന്റാർട്ടിക് പര്യവേക്ഷണത്തിന്റെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയമായിട്ടും പ്രവർത്തിക്കുന്നു. ഇവിടെ നിന്നു ലഭിക്കുന്ന പോസ്റ്റുകാർഡുകൾക്ക് ഒരു പ്രത്യേക അന്റാർട്ടിക് സ്റ്റാമ്പും പെൻഗ്വിൻ ആകൃതിയിലുള്ള ഒരു പോസ്റ്റ്മാർക്കും ലഭിക്കുന്നു. വിനോദ സഞ്ചാരികൾക്ക് പെൻഗ്വിൻ കോളനിയായ ഇവിടം പുതിയ അറിവുകൾ പകരുന്നതാണ്. പെൻഗ്വിനുകളുടെ ‘വീടിനെ’ ശല്യപ്പെടുത്താതിരിക്കാൻ അവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചാണ് ഇവിടെ സന്ദർശനം അനുവദിച്ചിരിക്കുന്നത്.















