നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അർഥന ബിനു വീണ്ടും രംഗത്ത്. വിജയകുമാറിന്റെ സമ്പത്തിന്റെയോ പ്രശ്സ്തിയുടേയോ തണലിൽ അല്ല ജീവിച്ചതെന്ന് അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ അമ്മ ബിനു, ഡേ കെയറും ബ്യൂട്ടിപാർലറും നടത്തിയായിരുന്നു വളർത്തിയത്. അതുകൊണ്ടുതന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് ഇഷ്ടം.
തനിക്കോ കുടുംബത്തിനോ വേണ്ടി വിജയകുമാർ ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല. വിജയകുമാർ മതിൽ ചാടിക്കടക്കുന്നത് ആദ്യമല്ലെന്നും മറ്റൊരു മതിൽച്ചാട്ട വീഡിയോ കൂടി പുറത്തുവിടുമെന്നും അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതായി അർഥന ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. പല തവണ അച്ഛന്റെ ഭാഗത്ത് നിന്ന് അമ്മയ്ക്കും തനിക്കുമെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടും പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും അർഥന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്.
സംഭവത്തിന് പിന്നാലെ വിജയകുമാറും വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. ഇളയ മകൾ പ്ലസ് ടു പാസായത് അറിഞ്ഞ് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും താൻ അയച്ച പണം കിട്ടിയോ എന്നറിയാനുമാണ് പോയത്. ഇളയ മകൾ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയത്. പക്ഷേ വാതിൽ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തനിക്കെതിരെ ഇത്തരത്തിൽ പോസ്റ്റ് പങ്കുവെച്ചതെന്നും നടൻ പറഞ്ഞിരുന്നു.
Comments