ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അമേരിക്കൻ വനിതാ ഫുട്‌ബോൾ ഇതിഹാസം. 2023 ലെ ദേശീയ വനിതാ സോക്കർ ലീഗ് സീസണിന്റെ അവസാനത്തോടെ താൻ വിരമിക്കുമെന്നും 2023 ലെ വനിതാ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്നും യുഎസ് വനിതാ ദേശീയ ടീമിന്റെ മുഖമുദ്രയായ മേഗൻ റാപിനോ ശനിയാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബർ 6ന് ഒ.എൽ. റെയലിന് ആയുളള അവസാനലീഗ് മത്സരം താരത്തിന്റെ അവസാനമത്സരമാകും. അമേരിക്കൻ വനിതാ ഫുട്‌ബോൾ ടീമിനായി 199 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 63 ഗോളുകൾ രാജ്യത്തിനായി നേടുകയും ചെയ്തു.
എതിരാളികളുടെ പ്രതിരോധ കോട്ടകളെ തകർത്ത് മുന്നേറി അതിവേഗം ഗോൾ നേടാനുളള കഴിവും താരത്തെ വേറിട്ടതാക്കി. വനിതാ ഫുട്‌ബോളിലെ അവകാശങ്ങൾ, ലിംഗഭേദം, തുല്യ ശമ്പളം എന്നിവയിൽ, അമേരിക്കയിലെയും ആഗോള വനിതാ ഫുട്‌ബോളിന്റെയും ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഏറ്റവും മുന്നിലാണ് മേഗൻ റാപിനോ.
യു.എസ് ടീം വനിതാ ലോകകപ്പിനായി ന്യൂസിലൻഡിലേക്ക് പറക്കാൻ തയ്യാറെടുക്കുമ്പോഴാണ് മേഗൻ തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. ”എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ മനോഹരമായ ഗെയിം എന്നെ എവിടേക്കാണ് കൊണ്ടുപോയതെന്ന് എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയില്ല. ദേശീയ ടീമിനായി കളിക്കുന്നത് ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാര്യമാണ്’ എന്ന് അവർ പറഞ്ഞു.
2 തവണ ലോകകപ്പ് നേടിയ യു.എസ്.എ. ടീമിലെ അംഗമായിരുന്ന റാപിനോ തന്റെ നാലാമത്തെ വനിതാ ലോകകപ്പ് കളിക്കാൻ തയ്യാറെടുക്കുകയാണ്. ഈ വർഷത്തെ മികച്ച ഫിഫ വനിതാ താരം, ബാലൺ ഡി ഓർ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ എന്നിവയും 2019 ലോകകപ്പിൽ ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് എന്നിവയും റാപിനോ നേടിയിട്ടുണ്ട്.
ഒക്ടോബർ 6-ന് നടക്കുന്ന അവസാന റെഗുലർ-സീസൺ ഹോം ഗെയിമിൽ റാപിനോയുടെ കരിയറിനെ അനുസ്മരിപ്പിക്കുമെന്ന് റാപിനോയുടെ ക്ലബ്ബായ ഒ.എൽ റെയിൽ മത്സരത്തിന് ‘ഫോർഎവർ റീൻ: എ സെലിബ്രേഷൻ ഓഫ് മേഗൻ റാപിനോ’ എന്ന് പേര് നൽകുമെന്നും പറഞ്ഞു.
Comments