ശ്രീനഗർ: കാലാവസ്ഥയിൽ കാര്യമായ പുരോഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ അമർനാഥ് യാത്ര പുനരാരംഭിച്ചു. ഇതുവരെ അമർനാഥ് വിശുദ്ധ ഗുഹയിൽ ദർശനത്തിനെത്തിയത് 6,491 തീർത്ഥാടകരാണ്. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് പഹൽഗാം റൂട്ടിലാണ് യാത്ര പുനരാരംഭിച്ചത്. മറ്റൊരു റൂട്ടായ ബാൽത്തലിലെ യാത്ര ഇനിയും പുനരാരംഭിച്ചിട്ടില്ല.
കനത്ത മഴയും മോശം കാലാവസ്ഥയും മൂലം വെള്ളിയാഴ്ച മുതൽ യാത്ര നിർത്തിവെച്ചിരുന്നു. ജമ്മു-ശ്രീനഗർ ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിരുന്നു. യാത്ര നിർത്തിവെച്ചതിനെ തുടർന്ന് ബേസ് ക്യാമ്പിൽ നിരവധി ഭക്തർ നിറഞ്ഞിരുന്നു.
യാത്ര നിർത്തിയതിനെ തുടർന്ന് തീർത്ഥാടകർക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും അധികൃതർ നൽകിയിരുന്നു. 62 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്ര 2023 ഓഗസ്റ്റ് 31 നാണ് സമാപിക്കുന്നത്.
ശ്രീനഗറിൽ നിന്ന് 136 കിലേമീറ്റർ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ തീർത്ഥാടനകേന്ദ്രം. മഞ്ഞ് കൊണ്ടുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് സ്വയംഭൂവായ മൂർത്തി അറിയപ്പെടുന്നത്.
Comments