ശ്വാസം അടക്കി കേൾക്കാൻ പാകത്തിനുള്ള ഡയലോഗുകൾ പറഞ്ഞ് സിനിമാസ്വാദകരെ കയ്യിലെടുത്ത താരമാണ് സുരേഷ് ഗോപി. താരജാഡകളില്ലാത്ത മഹാനടൻ എന്ന നിലയിലാണ് താരം ജനമനസുകളിൽ ഇടം നേടിയത്. സീരിയസ് റോളുകളിൽ നിന്ന് വ്യത്യസ്തമായി ഹാസ്യ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സുധീർ പറവൂരിനൊപ്പം ചേർന്ന് സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്ന സുരേഷ് ഗോപിയുടെ രസകരമായ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മിമിക്രി കലാകാരനായ സുധീറിനൊപ്പം ചേർന്നാണ് വൈറൽ ഗാനമായ ‘ക്ലിഞ്ഞോ പ്ലിഞ്ഞോ’ സുരേഷ് ഗോപി പാടുന്നത്.
താരജാഡകളില്ലാതെ സുധീറിനൊപ്പം നിന്ന് കട്ടയ്‌ക്ക് പെർഫോം ചെയ്യുന്ന സുരേഷ് ഗോപിയുടെ പ്രകടനം കണ്ട് കയ്യടിയ്‌ക്കുന്ന മിമിക്രി കലാകാരന്മാരെയും വീഡിയോയിൽ കാണാം. ഇത്ര കൂളായിരുന്നോ എസ്ജി എന്നാണ് ആരാധകരുടെ ചോദ്യം. വളരെ പെട്ടെന്നാണ് വീഡിയോ സമൂഹമാദ്ധ്യങ്ങളിൽ വൈറലായത്.
1965-ൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി ചലച്ചിത്ര ലോകത്ത് ചുവടുവെയ്‌ക്കുന്നത്. പിന്നീട് നിറമുള്ള രാവുകൾ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ താരം തുടക്ക കാലത്ത് വില്ലൻ വേഷങ്ങളായിരുന്നു അധികവും ചെയ്തത്. 1990-ൽ പുറത്തിറങ്ങിയ ഇന്നലെ എന്ന ചിത്രത്തിലൂടെയാണ് നായക വേഷത്തിൽ താരമെത്തുന്നത്. രഞ്ജി പണിക്കർ എഴുതിയ തകർപ്പൻ ഡയലോഗുകളും പോലീസ് വേഷവും താരത്തെ ജനപ്രിയ നായകനാക്കി മാറ്റുകയായിരുന്നു. അരുൺ വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗരുഡനാണ് സുരേഷ് ഗോപി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.
Comments