ക്ഷീണം, വിരസത, ഉറക്കം വരുമ്പോൾ എന്നീ സന്ദർഭങ്ങളിൽ കോട്ടുവായ ഇടുന്നത് പതിവാണ്. അമിതമായി ചൂടാകുന്ന തലച്ചോറിനെ തണുപ്പിക്കുന്നതിനായി കോട്ടുവായ ഇടുന്നത് ഒരു പരിധി വരെ സഹായകമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിന് പുറമേ കോട്ടുവായ ഇടുന്നത് ചെവിയിലെ സമ്മർദ്ദം കുറയ്‌ക്കുന്നതിനും സഹായകമാണ്. ഓരോ വ്യക്തിയും ദിവസവും അഞ്ച് മുതൽ 19 വരെ ഇത്തരത്തിൽ കോട്ടുവായ ഇടാറുണ്ടെന്നാണ് കണക്ക്. ദിവസവും 100 കോട്ടുവായ വരെ ഇടുന്നവർ ഉണ്ടെന്ന കണക്കുകളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ അമിതമായാൽ കോട്ടുവായയും ആപത്താണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആരോഗ്യ വിദഗ്ധർ പറയുന്നത് അനുസരിച്ച് 15 മിനിറ്റിനുള്ളിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ ഇടുകയാണെങ്കിൽ ഇത്തരത്തിലുള്ള ലളിതമായ ശാരീരിക പ്രതികരണം ചില ആരോഗ്യ പ്രശ്‌നങ്ങളെയാകും സൂചിപ്പിക്കുന്നത്. അമിതമായ പകൽ ഉറക്കത്തിന് കാരണമാകുന്ന ഒബ്‌സ്ട്രക്ടീവ് സ്ലീപ് എപ്നിയ പോലെയുള്ള ഒരു സ്ലീപ് ഡിസോഡറിന്റെ ലക്ഷണമാകാനും സാദ്ധ്യതയുണ്ട്.
സ്ലീപ്പ് അപ്നിയ അല്ലെങ്കിൽ ഉറക്കമില്ലായ്മ
അമിതമായ കോട്ടുവായയ്‌ക്ക് പുറമേ ഏറ്റവും സാധാരണമായ ഘടകങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കക്കുറവ്. സ്ലീപ് അപ്നിയ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളാൽ ഉറക്കക്കുറവ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ശ്വാസോച്ഛ്വാസം ആവർത്തിച്ച് നിർത്തുകയും ആരംഭിക്കുകയും ചെയ്യുന്ന ഗുരുതരമായ ഉറക്ക തകരാറാണ് സ്ലീപ്പ് അപ്നിയ എന്ന് പറയപ്പെടുന്നത്. ഉറക്കെ കൂർക്കം വലിച്ച് ഉറങ്ങുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്താൽ ഇത് സ്ലീപ് അപ്നിയ എന്ന ആരോഗ്യപ്രശ്‌നമായിരിക്കാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രാത്രിയിൽ ശരിയായി ഉറങ്ങാൻ സാധിക്കാതിരിക്കുകയും തൊട്ടടുത്ത ദിവസം വളരെ ക്ഷീണം അനുഭവപ്പെടുകയും കൂടുതൽ കോട്ടുവായ ഇടുകയും ചെയ്യും. പകൽ സമയത്ത് അമിതമായി ഉറങ്ങുന്നവരിലും കോട്ടുവായ കൂടുതലായി ഉണ്ടാകാറുണ്ട് എന്നതും സാധാരണമാണ്.
മെഡിക്കേഷൻ
മരുന്നുകൾ കഴിക്കുന്നവർക്കും കോട്ടുവായ ഇടൽ കൂടുതലായി കാണാറുണ്ട്. ചില മരുന്നുകൾ ക്ഷീണവും മയക്കവും ഉണ്ടാക്കുന്നവയായതിനാൽ ഇത്തരം സാഹചര്യങ്ങൾക്ക് വഴിവെക്കും. അലർജി മരുന്നുകൾ, ആന്റീ ഡിപ്രസന്റ്സ്, വേദനസംഹാരികൾ തുടങ്ങിയവ ഉപയോഗിക്കുന്നവരിൽ ഇടക്കിടെ കോട്ടുവായ ഉണ്ടാകുന്നത് പതിവാണ്. കോട്ടുവായ ഹൈപ്പോഗ്ലൈസീമിയയുടെ ആദ്യകാല ലക്ഷണമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കിൽ കോട്ടുവായ ഇടുന്നത് കൂടുതലായിരിക്കും. അമിതമായ കോട്ടുവായ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുന്നതാണ് ഉചിതം.
ബ്രെയിൻ ഡിസോർഡർ
അമിതമായ കോട്ടുവായ ബ്രെയിൻ ഡിസോർഡറിന്റെ സൂചനയായിരിക്കാമെന്നും വിദഗ്ധർ പറയുന്നു. പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, മൈഗ്രെയ്ൻ തലവേദന തുടങ്ങിയ അവസ്ഥകൾ അമിതമായ കോട്ടുവായക്ക് കാരണമാകും.
ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം
ആശങ്കകൾ വളരെയധികം ഉള്ളവരിൽ കോട്ടുവാ ഇടുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് ശ്വസനവ്യവസ്ഥയെയും ഹൃദയത്തെയും പ്രതികൂലമായി ബാധിക്കും. ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ കോട്ടുവായ വിടുന്നത് പിരിമുറുക്കത്തെ നേരിടാനുള്ള ഒരു മാർഗമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഹൃദയാഘാതം
പലപ്പോഴും കോട്ടുവായ ഹൃദയാഘാതത്തിന്റെ ലക്ഷണമായും കണക്കാക്കാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. അധികം കോട്ടുവായ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതാകാം. പലപ്പോഴും പ്രമേഹരോഗികളിൽ അമിതമായി കോട്ടുവാ ഇടുന്നത് രക്തത്തില ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയയുടെ പ്രാഥമിക സൂചനയായിരിക്കാം എന്നും പറയപ്പെടുന്നു. ഇത് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമല്ലെന്നും അതിനാൽ ഭയപ്പെടേണ്ടതില്ലെന്നും പറയുന്നു. കൂടാതെ ബ്രെയിൻ ട്യൂമർ ഉള്ള ആളുകളിൽ കോട്ടുവാ അധികമായി ഉണ്ടാകാറുണ്ട്.
കരൾ രോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് കോട്ടുവായ എന്നും പറയപ്പെടുന്നു. ക്ഷീണവും തളർച്ചയും ഇവരിൽ കൂടുതലായിരിക്കും.















