പിതൃസ്മരണയിൽ കർക്കടക വാവുബലി അർപ്പിക്കാൻ എത്തുന്നത് നിരവധിയാളുകൾ. പുലർച്ചെ മുതൽ പിതൃമോക്ഷപുണ്യം തേടി സ്നാനഘട്ടങ്ങളിൽ ബലിതർപ്പണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആലുവ മണപ്പുറം, തിരുവല്ലം ശ്രീപരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി ക്ഷേത്രം, മലപ്പുറം തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, കോഴിക്കോട് വരയ്‌ക്കൽ കടപ്പുറം എന്നിങ്ങനെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വിശ്വാസികൾ ബലിതർപ്പണത്തിനായി എത്തിചേർന്നുകൊണ്ടിരിക്കുകയാണ്.
ആലുവ മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ നാലിന് പിതൃകർമങ്ങൾ ആരംഭിച്ചതെങ്കിലും അവധി ദിവസമായ ഇന്നലെ സന്ധ്യ മുതൽ ഭക്തജനങ്ങൾ എത്തിത്തുടങ്ങി. പിതൃനമസ്‌കാരത്തിനും പൂജകൾക്കും മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയാണ് കാർമികത്വം വഹിക്കുന്നത്.
ആലുവ ശിവരാത്രി മണപ്പുറത്ത് പുരോഹിതന്മാരുടെ നേതൃത്വത്തിൽ എൺപതോളം ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ബലിയിടാൻ എത്തുന്ന 2500 പേർക്ക് ദേവസ്വം ബോർഡ് പ്രഭാത ഭക്ഷണം നൽകും. 2 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു മണപ്പുറത്തേക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ ബസ് സർവീസ് നടത്തും. പോലീസ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും മണപ്പുറത്ത് എത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ബോംബ്, ഡോഗ് സ്‌ക്വാഡുകളും പരിശോധന നടത്തി. 500 പോലീസ് ഉദ്യോഗസ്ഥരെ മണപ്പുറത്തും പരിസരത്തും നിയോഗിച്ചതായി എസ്പി വിവേക് കുമാർ അറിയിച്ചു.
മാത്രമല്ല പുഴയിൽ ആഴമേറിയ ഭാഗങ്ങളിൽ ആളുകൾ ഇറങ്ങാതിരിക്കാൻ ബാരിക്കേഡുകൾ കെട്ടിയിട്ടുണ്ട്. അഗ്‌നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ഉണ്ടാകും. അടിയന്തര സാഹചര്യം നേരിടാൻ മണപ്പുറത്തും റോഡിലും ആംബുലൻസ് സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ഉച്ചവരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. അതേസമയം കർക്കടക വാവുബലി ഹരിത പ്രോട്ടോക്കോൾ പ്രകാരമായതിനാൽ പ്ലാസ്റ്റിക് കുപ്പികൾക്കും ക്യാരി ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.















