എറണാകുളം: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്. കോടതിയലക്ഷ്യ നടപടിയ്‌ക്ക് അനുമതി തേടി എജിയ്‌ക്കും അപേക്ഷ നൽകിയിട്ടുണ്ട്. ജഡ്ജിയ്‌ക്കെതിരായ പരാമർശം കോടതിയലക്ഷ്യപരമാണെന്നും അതിനാൽ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന് കേരള സർക്കാർ വിരുദ്ധ തിമിരമാണെന്നായിരുന്നു വി.പി. സാനുവിന്റെ പരാമർശം. ദേവൻ രാമചന്ദ്രൻ കേന്ദ്രസർക്കാരിന് വിധേയപ്പെട്ട് പ്രവർത്തിക്കുകയാണ്. സുപ്രീം കോടതി ജഡ്ജിമാർ അത്തരത്തിലുള്ളവരാണ്. കേരള ഗവർണറിനും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും പൊതുവായുള്ളത് ഇടത് വിരുദ്ധതയാണെന്നും സാനു പറഞ്ഞു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്രസർക്കാരിന് വിധേയമായി പ്രവർത്തിക്കുന്നുണ്ട്. അത്തരം പ്രവർത്തികൾ പലപ്പോഴും കേരള വിരുദ്ധമാകാറുണ്ട്. ദേവൻ രാമചന്ദ്രന്റെ വിധിന്യായങ്ങൾ മിക്കപ്പോഴും യുക്തിയ്‌ക്ക് നിരക്കാത്തതാണെന്നും സാനു ആരോപിച്ചിരുന്നു. ഈ പരാമർശങ്ങൾക്കെതിരെയാണ് അഭിഭാഷകൻ പരാതിയുമായി ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ സമീപിച്ചിരിക്കുന്നത്.
Comments