ആഹാരത്തിന് ശേഷം ഉറക്കം വരുന്നത് സ്വാഭാവികമാണ്. ചില ഭക്ഷണം കഴിച്ച് കഴിയുമ്പോഴാണ് പലർക്കും ഇത്തരത്തിൽ ഉറക്കം അനുഭവപ്പെടുന്നത്. മറ്റ് ചിലർചക്ക് ഉച്ചയൂണിന് ശേഷമുള്ള ഉറക്കം നിർബന്ധമാണ്. എന്നാൽ ഭക്ഷണത്തിന് ശേഷം ഉറക്കമരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഭക്ഷണത്തിന് ശേഷം ഉറങ്ങാൻ അവസരം നൽകുകയാണ് ഒരു റെസ്‌റ്റോറന്റ്!!
അതേ ജോർദാനിലാണ് ഈ റെസ്‌റ്റോറന്റ്. ഉപഭോക്താക്കൾക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ അവസരമൊരുക്കുകയാണ് ഇവിടം. രാജ്യത്ത് ഏറ്റവുമധികം ആളുകൾ കഴിക്കുന്ന ഭക്ഷണമായ ‘മൻസഫ്’ എന്ന വിഭവം കഴിക്കുന്നവർക്കാണ് ഉറങ്ങാൻ അവസരം നൽകുന്നത്.

ഇതിനുള്ള കാരണവും ഭക്ഷണശാല അധികൃതർ വിശദീകരിക്കുന്നുണ്ട്. കൊഴുപ്പ് കൂടുതൽ അടങ്ങിയ ചേരുവകളാണ് മൻസഫിൽ ചേർക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നതോടെ മയക്കം അനുഭവപ്പെടുന്നു. ഇതുവരെ മൻസാഫ് വീട്ടിലിരുന്നു കഴിക്കുന്നതിന് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. റെസ്റ്റോറന്റിൽ തന്നെ ഇത്തരത്തിൽ സൗകര്യം ഏർപ്പെടുത്തിയതോടെ ഭക്ഷണപ്രേമികൾക്ക് റെസ്റ്റോറന്റിലിരുന്നും മൻസാഫ് രുചിക്കാവുന്നതാണ്.
മൻസാഫ് കഴിക്കുന്നവരിൽ മയക്കം അനുഭവപ്പെടുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഭക്ഷണത്തിനൊപ്പം കിടക്കയുമെന്ന ആശയം ഉദിച്ചതെന്ന് റെസ്റ്റോറന്റ് അധികൃതർ പറയുന്നു. പലരും തമാശയായാണ് ഇതിനെ കണ്ടതെന്നും നിരവധി പേർ കളിയാക്കിയെന്നും റെസ്റ്റോറന്റ് ഉടമയുടെ മകൻ മുസാബ് പറഞ്ഞു. ഭക്ഷണത്തിന് ശേഷം പലരും ഉറങ്ങി വീഴുന്ന പതിവുമുണ്ടെന്നും മുസാബ് പറഞ്ഞു. ഇപ്പോൾ അത്തരം പ്രശ്‌നങ്ങൾ ഉപഭോക്താക്കൾ നേരിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആട്ടിൻ മാംസം, അരി, നെയ്യ് എന്നിവ ഉപയോഗിച്ച് പാകം ചെയ്യുന്ന കൊഴുപ്പ് നിറഞ്ഞ ഭക്ഷണമാണ് മൻസഫ്. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പാണ് ഉറക്കത്തിലേക്ക് മയക്കി വീഴ്‌ത്തുന്നത്.

റെസ്റ്റോറന്റിലെ കിടപ്പുമുറി ശീതികരിച്ചിതിനാൽ മൻസാഫ് കഴിച്ചുള്ള ഉറക്കം സുഖം പകരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജോർദാനിലെ തെക്കൻ നഗരമായ കാരക്കിലെ പുരാതന മോവാബ് രാജ്യത്തിന്റെ പേരിലാണ് ഈ റെസ്റ്റോറന്റ് അറിയപ്പെടുന്നത്. മൻസഫ് മാത്രമാണ് ഇവിടെ വിളമ്പുന്നത്. നഗരത്തിലെ ഏക മൻസഫ് റെസ്റ്റോറന്റ് കൂടിയാണ് ഇത്.















