ഒരേ സമയം സന്തോഷവും ദുഃഖവും സമ്മാനിക്കുന്നതായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ. മമ്മൂട്ടിക്കും വിൻസി അലോഷ്യസിനും മികച്ച നടൻ- നടി അവാർഡുകൾ ലഭിച്ചതും ‘നൻപകൽ നേരത്ത് മയക്കം’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങൾക്ക് പുരസ്കാരം ലഭിച്ചതുമെല്ലാം മലയാള സിനിമാ പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തകൾ ആയിരുന്നു. എന്നാൽ, മികച്ച നടനുള്ള അവാർഡ് കുഞ്ചാക്കോ ബോബന് നൽകാമായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. മാത്രമല്ല മലയാളത്തിലെ മിന്നും വിജയങ്ങളിലൊന്നായ മാളികപ്പുറം സിനിമയെ ജൂറി പരിഗണിക്കാതിരുന്നതും സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്‌ത്തുന്നു. ജനപ്രിയ ചിത്രത്തിനും മികച്ച ബാലതാരങ്ങൾക്കും മാളികപ്പുറത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു ഭൂരിപക്ഷം സിനിമാ പ്രേമികളുടെയും വിശ്വാസം.
കൊറോണ പ്രതിസന്ധിയെ തുടർന്ന് മങ്ങിപ്പോയ മലയാള സിനിമാ രംഗത്ത് പുത്തൻ ഉണർവ് നൽകിയ ചിത്രങ്ങളിലൊന്നായിരുന്നു വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം. 2022 ഡിസംബർ 30-നാണ് സിനിമ റിലീസ് ചെയ്തത്. നീണ്ട ഇടവേളകൾക്ക് ശേഷം തിയറ്ററിലേയ്‌ക്ക് വൻതോതിൽ ജനസാഗരത്തെ കൊണ്ടുവരാൻ കഴിഞ്ഞ സിനിമ എന്ന നിലയ്‌ക്കും ഏറെ നിരൂപക പ്രശംസ പിടിച്ചുപ്പറ്റിയ ചിത്രമെന്ന നിലയ്‌ക്കും മാളികപ്പുറം എന്തുകൊണ്ടും ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരത്തിന് അർഹമായിരുന്നു. 2022-ലെ നൂറ് കോടി ചിത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു മാളികപ്പുറം.
ജനപ്രിയ ചിത്രം എന്നതിലുപരി സിനിമാ പ്രേമികൾ മാളികപ്പുറത്തിന് പ്രതീക്ഷിച്ചിരുന്ന പുരസ്കാരങ്ങൾ ബാലതാരങ്ങൾക്കുള്ളതായിരുന്നു. ചിത്രത്തിൽ കല്യാണിയായി വേഷമിട്ട ദേവനന്ദയും പീയുഷ് ഉണ്ണിയായി വേഷമിട്ട ശ്രീപഥും
മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. ഒരു എട്ട് വയസ്സുകാരി കുട്ടിക്ക് ഇത്രയും മനോഹരമായും അസാധ്യമായും തന്മയത്തത്തോടെ അഭിനയിക്കാൻ കഴിയുമോ എന്ന് അത്ഭുതത്തോടെയാണ് ഓരോ മലയാളിയും ദേവനന്ദയുടെ പ്രകടനത്തെ നോക്കിക്കണ്ടത്. ദേവനന്ദയുടെ പ്രകടനം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി കാണാതെ പോയത് രാഷ്‌ട്രീയം കൊണ്ട് മാത്രമാണെന്നും ഒരു വിഭാഗം സിനിമാ പ്രേമികൾ ആരോപിക്കുന്നു.
ഇടത് രാഷ്‌ട്രീയത്തിനപ്പുറം ചിന്തിക്കാൻ കഴിയാത്ത ജൂറിക്ക് മാളികപ്പുറത്തെ തിരസ്കരിച്ചേ മതിയാകൂ എന്നും ജനങ്ങളുടെ മനസ്സിൽ മാളികപ്പുറത്തിന് സ്ഥാനം ലഭിച്ചു കഴിഞ്ഞുവെന്നും സിനിമാ പ്രേമികൾ പറയുന്നു. ഹൈന്ദവ വിരുദ്ധത മൂലവും ശബരിമലയെ ആസ്പദമാക്കി സിനിമ ഇറക്കിയതുമാണ് ഇടത് ചിന്താഗതിയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ ചൊടിപ്പിച്ചത്. കലയിൽ രാഷ്‌ട്രീയം കലരുമ്പോൾ കലയുടെ യഥാർത്ഥ സൗന്ദര്യം മങ്ങുമെന്നും ഇടത് സർക്കാർ ഭരിക്കുന്ന നാട്ടിൽ മാളികപ്പുറത്തിന് പുരസ്കാരം ലഭിക്കാത്തത് ഒരു അത്ഭുതമായി പോലും തോന്നുന്നില്ലെന്നും പ്രേക്ഷകർ പറയുന്നു.
Comments