ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷത്തിലാണ് നടി ദേവീ വർമ്മ. 85-ാം വയസ്സിൽ തന്നെ തേടിയെത്തിയ പുരസ്‌കാരം ഇരട്ടി മധുരം നൽകുന്നെന്നും താരം പ്രതികരിച്ചു. സൗദി വെള്ളക്ക എന്ന ചിത്രത്തിലെ ചടുല പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരമാണ് ദേവി സ്വന്തമാക്കിയത്. നേരത്തേ, ചിത്രത്തിനും നടിയ്‌ക്കും വലിയ പ്രേഷകപ്രീതിയും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
‘ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടാനായത് ഭാഗ്യമായി കരുതുന്നു. എൺപത്തിയഞ്ചാം വയസിൽ ലഭിച്ച പുരസ്‌കാരത്തിന് ഇരട്ടി മധുരമാണ്,’ എന്നാണ് ദേവി വർമ്മയുടെ വാക്കുകൾ. ചിത്രത്തിന്റെ കാതലായ ഐഷ റവ്ത്തർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഗോവൻ ചലച്ചിത്ര മേളയിൽ പ്രീമിയർ നടത്തി, നിരവധി രാജ്യാന്തര മേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് സൗദി വെള്ളക്ക തിയേറ്ററുകളിൽ എത്തിയത്.
തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ഉർവശി തിയെറ്റേഴ്‌സാണ് നിർമ്മിച്ചത്. ദേവി വർമ്മയ്‌ക്ക് ശബ്ദം നൽകിയ പൗളി വിൽസൺ ആണ് സംസ്ഥാന പുരസ്‌കാരങ്ങളിൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.















