ഭഗീരഥപ്രയത്നം എന്ന് നാം കേട്ടിട്ടുണ്ടാകും. ആരാണ് ഭഗീരഥൻ? എന്താണ് ഭഗീരഥൻ ചെയ്തത്? വാല്മീകിരാമായണത്തിൽ 21-23 സർഗ്ഗങ്ങളിൽ ഭഗീരഥന്റെ പൂർവ്വ പരമ്പരകളെപ്പറ്റിയും ഭഗീരഥനെപ്പറ്റിയും പറയുന്നു.
പണ്ട് അയോദ്ധ്യയിൽ സഗരൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരിൽ ഒരാളായ കേശിനിക്ക് അസമഞ്ജൻ എന്ന പുത്രനുണ്ടായി. സുമതിക്ക് അറുപതിനായിരം പുത്രന്മാരുണ്ടായി. (കൗരവജനനവുമായി സാമ്യമുള്ള ജനനം.) അസമഞ്ജൻ രാജ്യത്തെ കുട്ടികളെ പുഴയിലെറിഞ്ഞു കൊല്ലുന്നതായി പരാതിയുണ്ടായപ്പോൾ രാജാവ് മകനെ രാജ്യത്തു നിന്ന് പുറത്താക്കി. അവന്റെ പുത്രൻ അംശുമാൻ സഗരൻ നടത്തിയ അശ്വമേധത്തിന്റെ ചുമതലക്കാരനായി. യജ്ഞാശ്വത്തെ ഇന്ദ്രൻ മോഷ്ടിച്ചു. സഗരന്റെ അറുപതിനായിരം പുത്രന്മാരും യാഗാശ്വത്തെ അന്വേഷിച്ച് പലയിടത്തും പോയി. പാതാളത്തിൽ കുതിരയെ കണ്ടെത്തി. കപില മഹർഷിയുടെ സമീപത്ത് നിൽക്കുന്നതായിക്കണ്ട് കപിലനെ ആക്രമിക്കാൻ ശ്രമിച്ച സഗര പുത്രന്മാരെല്ലാം ഭസ്മമായി. അംശുമാൻ കപില മഹർഷിയെ വണങ്ങി യാഗാശ്വത്തെ മടക്കിക്കൊണ്ടുവന്ന് യാഗം പൂർത്തിയാക്കി.
സഗര പുത്രന്മാർക്ക് മോക്ഷം ലഭിക്കാൻ സ്വർല്ലോക ഗംഗയെ ഭൂമിലെത്തിക്കണം എന്നറിഞ്ഞ സഗരനോ അംശുമാനോ അതിനു കഴിഞ്ഞില്ല.
അംശുമാന്റെ കാലശേഷം പുത്രനായ ദിലീപനും സാധിച്ചില്ല. ദിലീപന്റെ പുത്രനാണ് ഭഗീരഥൻ.
ഭഗീരഥൻ കഠിന തപം ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. ബ്രഹ്മാവിന്റെ നിർദ്ദേശ പ്രകാരം ഗംഗയെതപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഗംഗയെ നേരിട്ട് ഭൂമിക്ക് ഏറ്റു വാങ്ങാൻ സാധിക്കാത്തതിനാൽ മഹാദേവനെ തപസ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ശിവ ജടയിൽ ഗംഗയെ ആവാഹിക്കാൻ അനുവാദം വാങ്ങി. അങ്ങനെ സ്വർഗംഗ ശിവനെത്തന്നെ പാതാളത്തിലേക്ക് ഒഴുക്കിക്കളയാമെന്ന അഹങ്കാരത്തോടെ താഴേക്ക് പതിച്ചു. എന്നാൽ ശിവജടയിൽ വഴി കാണാനാകാതെ ഗംഗ കുടുങ്ങിപ്പോയി. വീണ്ടും ഭഗീരഥൻ ശിവനെ തപം ചെയ്ത് പ്രീതിപ്പെടുത്തി ഭൂമിയിലെത്തിച്ചു.(ശിവജടയിൽ നിന്നും ഗംഗയെ ബിന്ദുസരസ്സിലേക്ക് ഒഴുക്കിക്കൊടുത്തു. ആ നദി അവിടെ നിന്ന് 7 കൈവഴികളായി ഒഴുകി. ഹ്ലാദിനി, പ്ലാവിനി, നളിനി എന്നീ ഗംഗാപ്രവാഹങ്ങൾ കിഴക്കോട്ടൊഴുകി. സുചക്ഷുസ്സ്, സീത, സിന്ധു എന്നീ മൂന്നു ജലപ്രവാഹങ്ങൾ കിഴക്കോട്ടൊഴുകി. ഏഴാമത്തെ കൈവഴി ഭഗീരഥനെ അനുഗമിച്ചു.)
അവിടം കൊണ്ടും പ്രതിബന്ധം തീർന്നില്ല. ഭഗീരഥന്റെ രഥത്തിനു പിന്നാലെ കൂലം തകർത്താെഴുകി വന്ന ഗംഗ ജഹ്നു മഹർഷിയുടെ ആശ്രമത്തേയും തകർത്തു കളഞ്ഞു. കുപിതനായ മഹർഷി ഗംഗയെ കുടിച്ചു വറ്റിച്ചു കളഞ്ഞുവത്രേ. പിന്നെ ഭഗീരഥൻ മഹർഷിയെ പ്രീതിപ്പെടുത്തി. അദ്ദേഹം ചെവിയിലൂടെ ഗംഗയെ പുറത്തുവിട്ടു. അങ്ങനെ ജാഹ്നവി എന്ന പേരുണ്ടായി. അങ്ങനെ പാതാളത്തിലെത്തി ഭഗീരഥന്റെ പൂർവ്വികർക്ക് മോക്ഷം നൽകി. തുടർന്ന് സമുദ്രമായി മാറി.
“സഗരനരപതിതനയരെന്നെ വളർക്കയാൽ
സാഗരമെന്നു ചൊല്ലുന്നിതെല്ലാവരും” എന്ന് മാർഗ്ഗ വിഘ്‌നത്തിൽ എഴുത്തച്ഛൻ വിശദീകരിക്കുന്നത് ഓർക്കുക.
സ്വർഗ്ഗം, ഭൂമി, പാതാളം എന്നീ മൂന്നിടത്തു കൂടി ഒഴുകുകയാൽ ത്രിപഥഗ എന്ന പേരുണ്ടായി. അങ്ങനെ സ്വർല്ലോക ഗംഗയെ പാതാളത്തിലെത്തിക്കാൻ ഭഗീരഥൻ താണ്ടിയ ഈ കഠിന പാതകൾ പിന്നീട് അതികഠിനമായ പ്രയത്നങ്ങൾക്ക് മാറാപ്പേരായി.സഗരനും, അംശുമാനും, ദിലീപനും ശ്രമിച്ചിട്ടും സാധിക്കാത്ത കാര്യമാണ് ഭഗീരഥൻ നടത്തിയത്. ഇതിനിടയ്‌ക്ക് വർഷങ്ങളെത്രയോ കടന്നു പോയിക്കാണും.
വിശ്വാമിത്ര യാഗരക്ഷയ്‌ക്കായി ആശ്രമത്തിലെത്തിയ രാമലക്ഷ്മണന്മാരോട് വിശ്വാമിത്രൻ കഥ പറയുമ്പോഴാണ് ഭഗീരഥനും ഗംഗയും ചർച്ചാ വിഷയമാകുന്നത്.
ഭൂമിയുടെ പോഷണത്തിനായി അയോദ്ധ്യാധിപതികൾ നടത്തിയ നിരന്തര ശ്രമത്തെ കഥയാക്കിയതാകാം.
ശിവനും, ശിവന്റെ ജടയിൽ കുടുങ്ങുന്ന ഗംഗയും, ബിന്ദുസരസ്സും, പടിഞ്ഞാട്ടും കിഴക്കോട്ടുമൊഴുകുന്ന 6 കൈവഴികളും അതിന്റെ പേരുകളും ഭൂമിയിലേക്കൊഴുകുന്ന കൈവഴിയുമൊക്കെ യോഗശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ നോക്കിക്കാണുമ്പോഴാണ് മഹാദേവനും ഗംഗയുമൊക്കെ നമ്മുടെയുള്ളിലാണുള്ളതെന്നു മനസ്സിലാകുക. ആ അമൃതപ്രവാഹത്തെ അറിയണമെങ്കിൽ ഭഗീരഥപ്രയത്നം വേണമെന്ന തിരിച്ചറിവു കൂടിയാണ് വിശ്വാമിത്രൻ പറയുന്ന കഥയിലൂടെ ആദികവി ഗൂഢമായി ശ്രമിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. പ്രപഞ്ചത്തിന്റെ തനിപ്പതിപ്പായ ഓരോ മനുഷ്യനിലും പരമേശ്വരനും, ഗംഗയുമൊക്കെയുണ്ട്. ഭഗീരഥനായി മാറാനുള്ള മനസ്സുണ്ടായാൽ അമൃതപ്രവാഹമുണ്ടാകും. അപ്പോഴേ നമ്മുടെ പൂർവ്വികർക്ക് അർഹിക്കുന്ന തിലോദകമാവു. അതു വരെ കഥ വായിച്ചു രസിക്കാം. അതിലെ മണ്ടത്തരങ്ങളെ പരിഹസിച്ചു ചിരിക്കാം.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments