ലോകത്ത് വിചിത്രമായ പല സംഭവങ്ങളും അരങ്ങേറുന്നത് ദിനം പ്രതി വർദ്ധിച്ചു വരികയാണ് കേട്ട് കേൾവി പോലും ഇല്ലാത്ത പല സംഭവങ്ങളും നടന്നുവെന്നത് ഞെട്ടലോടെയായിരിക്കാം നാം ഉൽക്കൊള്ളാറുള്ളത്. ഇത്തരത്തിലൊരു വിചിത്ര സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. എടുത്ത് ചാട്ടം മൂലം ജീവൻ പോലും നഷ്ടമാകുന്ന സ്ഥിതിയിലെത്തിയ യുവാവിന്റെ കഥ പ്രചരിച്ചതോടെ, ഇങ്ങനെ മണ്ടത്തരം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
സ്വപ്‌നം കാണുന്നത് നിയന്ത്രിക്കുന്നതിനായി ഡ്രില്ലറുകൊണ്ട് സ്വയം തലച്ചോറിൽ ശസ്ത്രക്രിയ നടത്താൻ ശ്രമിക്കുകയായിരുന്നു യുവാവ് ചെയ്തത്. മിഖായേൽ റഡുഗ എന്ന യുവാവാണ് സ്വപ്‌നങ്ങളെ നിയന്ത്രിക്കുന്നതിനായി അപകടകരമാം വിധം ശസ്ത്രക്രിയ നടത്തിയത്. തന്റെ ലക്ഷ്യം പ്രാവർത്തികമാക്കുന്നതിനായി ശസ്ത്രക്രിയ നടത്തി മൈക്രോ ചിപ്പ് സ്ഥാപിക്കാനായിരുന്നു യുവാവ് ശസ്ത്രക്രിയയിലൂടെ പദ്ധതിയിട്ടത്.
റഷ്യയിലെ നോവോസിബിർസ്‌ക് സ്വദേശിയാണ് മിഖായേൽ. ഇയാൾ ശസ്ത്രക്രിയ നടത്തുന്നതിനായി ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് ശേഷം സ്വയം ശസ്ത്രക്രിയ നടത്താൻ ശ്രമിക്കുകയും പദ്ധതി പാളിപ്പോകുകയുമായിരുന്നു. ശസ്ത്രക്രിയ നടത്തുന്നതിനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെടുമെന്ന സ്ഥിതിയിലെത്തിയ ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
ന്യൂറോ സർജന്മാരുടെ ഓപ്പറേഷൻ ഫോണിൽ നോക്കി പഠിച്ചതിന് ശേഷമായിരുന്നു ശസ്ത്രക്രിയയ്‌ക്ക് ശ്രമിച്ചത് എന്നായിരുന്നു യുവാവ് പറഞ്ഞത്. ഡ്രില്ലർ ഉപയോഗിച്ച് തലയിൽ ദ്വാരം ഉണ്ടാക്കി ചിപ്പ് ഇവിടെ ഘടിപ്പിച്ചുവെന്നും യുവാവ് പറയുന്നു. 2023 മെയ് 17-ന് താൻ സ്വയം ട്രെപാനേഷൻ ഇലക്ട്രോഡ്് ഇംപ്ലാന്റേഷൻ നടത്തിയെന്നും യുവാവ് അവകാശപ്പെടുന്നു.
ശസ്ത്രക്രിയയ്‌ക്കിടെ ഗുരുതരാവസ്ഥയിലായ യുവാവിനെ ആരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് അറിയില്ല. നാൽപ്പതുകാരനായ ഇയാൾക്ക് വർഷങ്ങൾക്ക് മുന്നേ തന്നെ തലച്ചോറിൽ ചിപ്പ് പിടിപ്പിക്കുന്നതിനുള്ള ആശയം ഉണ്ടായിരുന്നു.
Comments