തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആർടിസി, പുതിയ സ്വിഫ്റ്റ് ബസുകൾ പണയപ്പെടുത്താൻ ആലോചിക്കുന്നതായി വിവരം. സർക്കാർ സഹായധനത്താൽ വാങ്ങിയ 280 കോടി രൂപയുടെ ബസുകളാണ് സ്വിഫ്റ്റിനുള്ളത്. ഇവ പണയപ്പെടുത്തി 200 കോടിയെങ്കിലും സമാഹരിച്ച് കെഎസ്ആർടിസിയിലെ ശമ്പള കുടിശിക പരിഹരിക്കാനാണ് നീക്കം. ഓണത്തിനോടനുബന്ധിച്ചെങ്കിലും ശമ്പളം നൽകാനാണ് പദ്ധതി. ഇതിനായി കുറഞ്ഞത് 150 കോടി രൂപയെങ്കിലും ലഭിക്കണം.
എന്നാൽ ധനകാര്യ സ്ഥാപനങ്ങളൊന്നും തന്നെ വായ്പ നൽകാൻ തയ്യാറായിട്ടില്ല. ഇതും കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കുന്നു. സർക്കാർ വാഗ്ദാനം ചെയ്ത പ്രതിമാസ സഹായമായ 50 കോടി രൂപ വൈകുന്നതും വിഹിതം കുറയുന്നതുമാണ് പ്രതിസന്ധിയ്‌ക്ക് മുഖ്യകാരണം. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ 30 കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇതിൽ 80 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. ജൂണിലെ രണ്ടാം ഗഡു ശമ്പളം നൽകാൻ 35 കോടി വേണം, ജൂലൈ മാസത്തിലെ ശമ്പളത്തിന് 80 കോടിയും വേണം. പെൻഷൻ ബാധ്യത തീർക്കാൻ ഇതിന് പുറമേ 140 കോടിയും വേണം.
ആറ് കോടി രൂപയാണ് കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന വരുമാനം. ഒരുകോടി രൂപ ബാങ്ക് വായ്പ തിരിച്ചടവിനും 3.15 കോടി രൂപ ഡീസലിനും ആവശ്യമാണ്. സ്‌പെയർപാർട്‌സ്, ടയർ, ഓയിൽ തുടങ്ങിയ ചെലവ് കഴിഞ്ഞാൽ ശന്വളത്തിനുള്ളതില്ലെന്ന അവസ്ഥയാണ് നിലവിൽ.
Comments