മമ്മൂട്ടി എന്ന നടന്റെ സിനമാ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലെ ഒന്നായിരുന്നു ബിഗ് ബി. ചിത്രം പോലെ തന്നെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസ് ചെയ്ത സമയത്ത് പരാജയം നേരിട്ട സിനിമ പക്ഷേ വർഷങ്ങൾക്കിപ്പുറം ആഘോഷിക്കപ്പെട്ടു എന്നതാണ് വസ്തുത. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നെന്ന വാർത്തകൾ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 2007ൽ അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ നടൻ ബാലയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ബിലാലിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് ശേഷം വീട്ടിൽ എത്തിയ ബാലയുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. നടൻ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചതും. അന്ന് ബിഗ് ബി ടുവിനെ കുറിച്ചും തങ്ങൾ സംസാരിച്ചുവെന്ന് ബാല പറഞ്ഞിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബാല.
ഈ ജന്മത്തിൽ എനിക്ക് ബിഗ് ബി ടു ചെയ്യണം എന്ന് ഞാൻ പറഞ്ഞു. ചിത്രം ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞെന്നും എന്നാൽ എന്നത്തേക്ക് ചെയുമെന്ന് അറിയില്ലെന്നും ബാല പറഞ്ഞു. ഒരു നടനേക്കാളുപരി ഒരു പ്രേക്ഷകൻ എന്ന നിലയിൽ മമ്മൂക്കയ്ക്ക് ബിഗ് ബി ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. ഇനി അത് ചെയ്തില്ലെങ്കിൽ നൂറ് ശതമാനം എനിക്കും ദേഷ്യം വരും. നിരവധി ജനങ്ങളാണ് ബിലാലിനായി കാത്തിരിക്കുന്നത്. അതിനാൽ ഉറപ്പായും ആ ചിത്രം ചെയ്യണമെന്നും ആ ഒരു കടമ മമ്മൂക്കയ്‌ക്ക് ഉണ്ടെന്നും ബാല പറഞ്ഞു.
നേരത്തെ ബിഗ് ബി രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ അമൽ നീരദ് പങ്കുവച്ച പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ടൈറ്റിൽ ഗ്രാഫിക്‌സാണ് സംവിധായകൻ പുറത്തുവിട്ടത്. ഇതിൽ ‘ബിലാൽ, ആൻ അമൽ നീരദ് ഫിലിം’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബിലാൽ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. ഫ്രൈഡെ മാറ്റിനിയും ഇത് സംബന്ധിച്ച വിവരങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. 2023 ന് ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഫ്രൈഡെ മാറ്റിനിയുടെ ട്വീറ്റ് ഉണ്ടായിരുന്നത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
2007-ലാണ് അമൽ നീരദ് സംവിധാനം ചെയ്ത’ബിഗ് ബി’ റിലീസ് ചെയ്തത്. 2005ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്‌സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്. കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി ടീച്ചർ എന്ന് അറിയപ്പെടുന്ന മേരി ജോൺ കുരിശിങ്കലിന്റെ കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. ശേഷം ഇതിനെ ആധാരമാക്കി കഥ മുന്നോട്ട് പോകുന്നു.















