ന്യൂഡൽഹി: പുതിയ പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ്)’ എന്ന പേര് നൽകിയതിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈസ്റ്റ് ഇന്ത്യ കമ്പനിയും ഇന്ത്യൻ മുജാഹിദീനും ഇന്ത്യ എന്ന പദം ഉപയോഗിച്ചിരുന്നതായി ഓർമ്മിപ്പിച്ച പ്രധാനമന്ത്രി ഇത്തരത്തിൽ ദിശാബോധമില്ലാത്ത പ്രതിപക്ഷ മുന്നണിയെ രാജ്യം കണ്ടിട്ടില്ലെന്നും വിമർശിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം നാലാം ദിവസത്തിലേക്ക് കടന്നതോടെ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ഇന്ത്യ എന്ന് പേരിൽ മാത്രമുണ്ടായത് കൊണ്ട് കാര്യമില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയും ഇന്ത്യൻ മുജാഹിദീനും ഇന്ത്യ എന്ന വാക്ക് തന്നെയാണ് ഉപയോഗിച്ചിരുന്നത്. ദിശാബോധമില്ലാതെയാണ് പ്രതിപക്ഷം സഞ്ചരിക്കുന്നതെന്നും ഇതുപോലെയൊരു പ്രതിപക്ഷ മുന്നണിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ചിതറിക്കിടക്കുന്ന പ്രതിപക്ഷം ഇപ്പോൾ നിരാശയിലാണ്. അടുത്ത കാലത്തൊന്നും അധികാരത്തിൽ വരാൻ പ്രതിപക്ഷത്തിന് ആഗ്രഹമില്ലെന്നാണ് അവരുടെ നീക്കങ്ങളിൽ നിന്ന് മനസിലാകുന്നതെന്നും പ്രധാനമന്ത്രി യോഗത്തിനിടെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Comments