തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണ്മാനില്ല. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിയെയാണ് കാണാതായത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് പോകവെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
65-കാരനായ ഫ്രാൻസിസിനൊപ്പമുണ്ടായിരുന്ന നാല് പേർ നീന്തി രക്ഷപ്പെട്ടു. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഫ്രാൻസിസിനെ കാണാതാകുകയായിരുന്നു. സംഭവ സ്ഥലത്ത് തീരദേശ പോലീസും കോസ്റ്റ് ഗാർഡും തിരച്ചിൽ തുടരുകയാണ്. അധികം വൈകാതെ തന്നെ വിഴിഞ്ഞത്ത് നിന്നുമുള്ള കോസ്റ്റ് ഗാർഡും തിരച്ചിലിനായി ഇറങ്ങും. അടിയൊഴുക്കും കാലാവസ്ഥാ പ്രതികൂലമായതും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
നിലവിൽ മത്സ്യത്തൊഴിലാളികൾ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രാവിലെ മുതൽ പ്രദേശത്ത് വലിയ തോതിലുള്ള തിര ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശവാസികൾ പറയുന്നു.
Comments