തിരുവനന്തപുരം: താളം തെറ്റി സംസ്ഥാനത്തെ ധനസ്ഥിതി. ഓഗസ്റ്റ് മാസത്തെ ശമ്പള-പെൻഷൻ ചെലവുകൾക്കായി ആയിരം കോടി രൂപയുടെ കടപത്രമിറക്കി സർക്കാർ. ഓണക്കാലത്തെ അധിക ചെലവുകൾക്ക് ഇനിയും ധനവകുപ്പ് കണ്ടത്തേണ്ടത് 8000 കോടി രൂപയോളമാണ്. കേന്ദ്രം അനുവദിച്ച വായ്പകളിൽ ഇനി ശേഷിക്കുന്നത് 2890 കോടി രൂപ മാത്രമാണ്.
4500 കോടി രൂപയുടെ അധിക ബാധ്യത കണക്കാക്കി ആലോചന തുടങ്ങിയ ശമ്പള പരിഷ്‌കരണമാണ് തീരാബാധ്യതയായി മാറിയിരിക്കുന്നത്. ഓവർ ഡ്രാഫ്റ്റിലേക്ക് പോയ ട്രഷറി ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്റെ ബലത്തിലാണ് കരകയറിയത്. ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനുമടക്കമുള്ള ചെലവുകൾ മുന്നിൽ കണ്ടാണ് വീണ്ടും ആയിരം കോടി വായ്‌പെടുക്കുന്നത്.
ഡിസംബർ വരെ 15390 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. ഇതുവരെ 12500 കോടി രൂപയാണ് സർക്കാർ കടമെടുത്തിരിക്കുന്നത്. ഇനി ബാക്കിയുള്ള അഞ്ച് മാസത്തേക്ക് മിച്ചമുള്ളത് 2890 കോടി രൂപ മാത്രമാണ്. ഇതിനിടയിലാണ് ഓണവും, ഓണക്കാലത്തെ ചെലവും. ഇതിനായി തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്.
Comments