പഞ്ചസാര ആരോഗ്യത്തിന് ദോഷകരമാണെന്ന് ഏവർക്കും അറിയാമെങ്കിലും അത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു . പാനീയങ്ങളിലും ലഘുഭക്ഷണങ്ങളിലും പലഹാരങ്ങളിലുമെല്ലാം പഞ്ചസാര ഒരു അഭിവാജ്യ ഘടകമായിട്ടുണ്ട്. പഞ്ചസാര കഴിക്കാതെ ഒരു നേരമെങ്കിലും ഇരിക്കുന്നതിനെപ്പറ്റി പലർക്കും ആലോചിക്കാൻ കൂടി സാധിക്കില്ല. പഞ്ചസാരയെ പൊതുവേ ‘വെളുത്ത വിഷം’ എന്നാണ് അറിയപ്പെടുന്നത്. അമിതവണ്ണം, പ്രമേഹം , ഹൃദ്രോഗം, കൂടാതെ വിട്ടുമാറാത്ത പല ആരോഗ്യ പ്രശ്നങ്ങൾക്കും പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകുന്നു. ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും ദോഷം വരുത്തുന്നതാണ് പഞ്ചസാര. പഞ്ചസാര നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി നാം ബോധവാന്മാരായിരിക്കണം.
ഉയർന്ന അളവിൽ പഞ്ചസാരയുടെ ഉപയോഗം, പ്രത്യേകിച്ച് പാകം ചെയ്ത ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും കൂടെ കഴിക്കുന്നത്, ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. അത്തരത്തിൽ പഞ്ചസാരയുടെ അമിതമായ ഉപയോഗം ചർമ്മത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം വരുത്തും. ഇത് ചർമ്മത്തിലെ പ്രോട്ടീൻ, കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്നു. പഞ്ചസാര അകാല ചുളിവുകളിലേക്ക് നയിക്കും.
സാധാരണയായി സോഡ, ജ്യൂസുകൾ, മധുരമുള്ള ചായ തുടങ്ങിയ പാനീയങ്ങൾ കുടിക്കാൻ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നു. ഈ പാനീയങ്ങളിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് അമിതമായി കഴിക്കുന്നത് ലെപ്റ്റിൻ പ്രതിരോധത്തിന് കാരണമാകുന്നു. പഞ്ചസാരയുടെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്നു. അമിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത് ചില കാൻസറുകൾ വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും അടങ്ങിയ ഭക്ഷണക്രമം അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം. ഇത് കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അമിതമായ മധുരത്തിന്റെ ഉപയോഗം മൂലം പലപ്പോഴും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. ഇത് ഇൻസുലിൻ അളവ് ക്രമാതീതമായി ഉയർത്തുകയും ഇത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കാനും കാരണമാകും. അതിനാൽ പ്രമേഹമുള്ളവർ തീർച്ചയായും അത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. പഞ്ചസാര ഓർമ്മക്കുറവിന് കാരണമാകുന്നു. മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും കാര്യങ്ങൾ ഓർക്കാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. അമിതമായി പഞ്ചസാര കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയെയും വർദ്ധിപ്പിക്കുന്നതാണ്. അമിതമായ പഞ്ചസാര ഉപയോഗം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. കലോറി വർദ്ധിക്കാൻ പഞ്ചസാരയുടെ ഉപയോഗം കാരണമാകുന്നു. അതിനാൽ, പഞ്ചസാര ഒഴിവാക്കുന്നിതിലൂടെ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാം.
പഞ്ചസാര കുറയ്ക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും നിങ്ങളുടെ ഊർജ്ജ നിലയെയും മാനസികാവസ്ഥയെയും ബാധിക്കുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. ഒരു മാസത്തേക്കോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലേയ്ക്കോ പഞ്ചസാര കഴിക്കുന്നത് നിർത്തിയാൽ നിങ്ങൾക്ക് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ സാധിക്കും. ഊർജത്തിനായി പഞ്ചസാരയെ കുറച്ചുമാത്രം ആശ്രയിക്കുന്നത് ദിവസം മുഴുവൻ കൂടുതൽ സുസ്ഥിരമായ ഊർജ്ജ നിലയിലേക്ക് നയിക്കും. പല്ല് നശിക്കാനുള്ള പ്രധാന കാരണം പഞ്ചസാരയാണ്. അതിനാൽ ഇത് ഒഴിവാക്കുന്നത് വായയുടെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും.
Comments