തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന പോലീസ് മേധാവി. കേസിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാണാതായ പെൺകുട്ടിയെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. പ്രതിയെ വേഗം പിടികൂടാനായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണം. പെൺകുട്ടിയെ പ്രതി പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി മൊഴി നൽകിയത് അന്വേഷണത്തിന്റെ വഴി തെറ്റിക്കാനാണെന്നും പ്രതിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ആലുവ റൂറൽ എസ്.പി. വിവേക് കുമാർ പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രതിയായ അഫ്‌സാക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. ജ്യൂസ് നൽകിയാണ് ഇയാൾ കുഞ്ഞിനെ തട്ടികൊണ്ട് പോയത്. കുഞ്ഞുമായി ഇയാൾ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പിന്നീട് പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരും വെങ്ങനാരൂരിലുമായി വിവിധ സ്ഥലങ്ങളിൽ കുഞ്ഞിനായി തിരച്ചിൽ നടത്തിയിരുന്നു. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Comments