കണ്ണീരോടെ മനസിൽ മാപ്പ് പറഞ്ഞാണ് ആലുവയിലെ അഞ്ചുവയസികാരിയെ കേരളം യാത്രയാക്കിയത്. ആലുവ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങുകൾക്ക് നിരവധി പേരാണ് പങ്കുച്ചേർന്നത്. കുട്ടി പഠിച്ച തായക്കാട്ടുകര എൽപി സ്‌കൂളിലെ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്‌കാരം. ആയിരങ്ങൾ സാന്നിധ്യത്തിലും പതിനായിരങ്ങൾ അസാന്നിധ്യത്തിലും കുഞ്ഞിന് യാത്രമൊഴിയേകി. നാട്ടുകരും സഹപാഠികളും അടക്കം ഞായർദിനത്തിൽ കണ്ണീരണിഞ്ഞു. ദുഃഖഭാരം താങ്ങാനാവാതെ അലമുറയിട്ട അമ്മയെ ആശ്വസപ്പിക്കാൻ കണ്ടുനിന്നവർക്ക് വാക്കുകളുണ്ടായിരുന്നില്ല. അദ്ധ്യാപകരും സഹപാഠികളും മൃതദേഹത്തിനരികെ നിന്ന് വിങ്ങി പൊട്ടി. അച്ഛന്റെ മടിയിലിരുന്ന അഞ്ചുവയസുകാരിയുടെ കുഞ്ഞു സഹോദരനും നോവായി മാറി.
നാടിനെ നടുക്കിയ അരുംകൊലയിൽ കേരളമൊട്ടാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴും കേരളത്തിലെ മന്ത്രിമാർ എത്തിയില്ലെന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. കുട്ടിയുടെ അന്ത്യയാത്രയിലോ സംസ്‌കാര ചടങ്ങുകളിലോ മന്ത്രിമാരിൽ ഒരാൾ പോലുമെത്താതിരുന്നത് വൻ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സ്ഥലം എംഎൽഎ അൻവർ സാദത്ത് മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എന്തുകൊണ്ടാണ് എത്താതിരുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്ന ചോദ്യം.
സംഭവത്തിൽ പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. പോലീസിനെതിരെ ആലുവ എംഎൽഎ തന്നെ രംഗത്തെത്തിയിരുന്നു. പോലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും അൽപം കൂടി വേഗത്തിൽ അന്വേഷണം വിപുലപ്പെടുത്തിയിരുന്നെങ്കിൽ കുഞ്ഞിനെ ജീവനോടെ കണ്ടെത്താൻ കഴിയുമായിരുന്നെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ആലുവമാർക്കറ്റിലെ പലരും സംശയാസ്പദമായ രീതിയിൽ കുഞ്ഞിനെയും അസ്ഫാക്കിനെയും കണ്ടിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു, സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇത്രയും തെളിവുകൾ ലഭിച്ചിട്ടും കുഞ്ഞിന്റെ ജഡം കണ്ടെത്താൻ മാത്രമാണ് പോലീസിനായത്.. അതും നീണ്ട 21 മണിക്കൂറിന് ശേഷം മാത്രമാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പരാജയം ഒരിക്കൽ കൂടി തെളിഞ്ഞുവെന്ന ആക്ഷേപവും ശക്തമാവുകയാണ്.
Comments