രജനികാന്ത് ആരാധകരും മോഹൻലാൽ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ടീസറും ഗാനങ്ങളും തരംഗങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയിൽ വില്ലനായി വിനായകൻ വന്നതിനെ കുറിച്ച് രജനികാന്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഒരു പക്ഷെ ഇങ്ങനെ നടന്നിരുന്നെങ്കിൽ🔥🔥🔥
Hype⚡️#Rajinikanth #mammootty#Mohanlal #Shivarajkumar#JackieShroff#Jailer pic.twitter.com/aMtKX7WjIm— Yedu Krishnan (@YEDU_KRISHNAN_U) July 29, 2023
ആദ്യം വലിയൊരു സ്റ്റാറിനെയാണ് വില്ലനായി തീരുമാനിച്ചതെന്ന് രജനികാന്ത് പറയുന്നു. എന്നാൽ ഫൈറ്റ് സീനൊക്കെ ഉള്ളതിനാലും അദ്ദേഹത്തെ അടിക്കാൻ തനിക്ക് സാധിക്കില്ല എന്നതിനാലും ആ തീരുമാനം മാറ്റിയെന്നാണ് രജനികാന്ത് പറയുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ‘ജയിലർ’ സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു താരത്തിന്റെ പ്രതികരണം. രജനി പറഞ്ഞ നടൻ മമ്മൂട്ടി ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രജനികാന്ത് പ്രസംഗിക്കുമ്പോൾ സംവിധായകൻ നെൽസൺ അടുത്തിരുന്ന ആളോട് മമ്മൂട്ടി എന്ന് പറയുന്ന വീഡിയോ വൈറലാണ്. സംഭവത്തെ കുറിച്ച് രജനികാന്ത് പറയുന്നത് ഇങ്ങനെ.
”ഒരു പേര് സജഷനിലേക്ക് വന്നു. അത് വലിയ സ്റ്റാറാണ്. വളരെ മികച്ച, കഴിവുള്ള ആർട്ടിസ്റ്റ്. എന്റെ നല്ല സുഹൃത്ത്. അദ്ദേഹം ചെയ്താൽ എങ്ങനെ ഉണ്ടാവുമെന്ന് നെൽസൺ ചോദിച്ചപ്പോൾ നന്നായിരിക്കുമെന്ന് ഞാനും പറഞ്ഞു. സാറിന്റെ നല്ല സുഹൃത്തല്ലേ, സാറൊന്ന് ചോദിച്ചാൽ ഞാൻ പിന്നെ ഫോളോ അപ്പ് ചെയ്തേക്കാമെന്ന് നെൽസൺ പറഞ്ഞു. ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ച് ഈ റോളിന്റെ കാര്യം സംസാരിക്കുകയും ചെയ്തു. വില്ലൻ കഥാപാത്രമാണ് പക്ഷേ വളരെ ശക്തമായ കഥാപാത്രമാണ് നിങ്ങൾ ചെയ്താൽ നന്നായിരിക്കും. ഇനി നോ പറഞ്ഞാലും കുഴപ്പമില്ല എന്നും പറഞ്ഞു. ഇത് കേട്ട് സംവിധായകനോട് വന്ന് കഥ പറയാൻ എന്നോട് അദ്ദേഹം പറഞ്ഞു. അതെനിക്ക് വലിയ സന്തോഷമായി. അദ്ദേഹം സമ്മതിച്ച കാര്യം ഞാൻ നെൽസനോട് പറയുകയും, നെൽസൺ കഥ പറഞ്ഞപ്പോൾ അദ്ദേഹം ചെയ്യാമെന്നും സമ്മതിച്ചു. എന്നാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് എന്തോ ശരിയല്ലാത്ത പോലെ തോന്നി. കഥാപാത്രം ഇങ്ങനെയാണ്, എനിക്ക് അദ്ദേഹത്തെ അടിക്കാൻ പറ്റില്ല എന്നൊക്കെ ചിന്തിച്ചു. രണ്ട് ദിവസം കഴിഞ്ഞ് നെൽസൺ വന്നപ്പോൾ ഞാൻ എന്ത് ചിന്തിച്ചോ അത് തന്നെ അദ്ദേഹവും പറഞ്ഞു. പിന്നാലെ വിനായകന്റെ ഗെറ്റപ്പ് എന്നെ കാണിക്കുകയായിരുന്നു. ”രജനികാന്ത് പറഞ്ഞു.















