മുംബൈ : റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഒരേയൊരു മകളാണ് ഇഷ അംബാനി. ഇഷയാണ് റിലയൻസിന്റെ റീട്ടെയിൽ വിഭാഗത്തെ നയിക്കുന്നത്. കേറ്റ് സ്‌പേഡ്, ബർബെറി, ഡീസൽ, ഹാംലീസ് തുടങ്ങിയ പ്രീമിയം ബ്രാൻഡുകളെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലാണ്. എന്നാൽ വ്യവസായത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും പ്രീമിയം ബ്രാൻഡുകളാണ് ഇഷ അംബാനി ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നിൽ ജനിച്ചതിനാൽ ഇഷ അംബാനിയുടെ ആഡംബര ജീവിതം ഒരു അത്ഭുതമല്ല.
കോടി രൂപ വിലമതിക്കുന്ന ഇഷ അംബാനിയുടെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള ആഭരണങ്ങളെ കുറിച്ചറിയാം.
അൺകട്ട് ഡയമണ്ട് നെക്ലേസ് – ഇഷ അംബാനിയുടെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള ആഭരണങ്ങളിൽ ഏറ്റവും മനോഹരമായ ആഭരണമാണ് അൺകട്ട് ഡയമണ്ട് നെക്ലേസ്. 165 കോടി രൂപ വിലമതിക്കുന്നതാണ് ഈ ആഭരണം. 50-ലധികം വലിയ അൺകട്ട് ഡയമണ്ട് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ചോക്കർ: അടുത്തിടെ മെറ്റ് ഗാല 2023-ലെ വസ്ത്രത്തിനൊപ്പം ഇഷ അംബാനി അണിഞ്ഞ ചോക്കർ ഏറ്റവും ശ്രദ്ധ നേടിയ ആഭരണമാണ്. കറുത്ത നിറത്തിലുള്ള മനോഹരമായ സാറ്റിൻ സാരിയാണ് അന്നവർ അണിഞ്ഞത്. മൂന്ന് വ്യത്യസ്ത ലയറുകൾ ചേർന്നതാണ് ഇത്. അവ ഓരോന്നിനും കുറഞ്ഞത് 100,000 ഡോളർ അതായത് 82 ലക്ഷം രൂപ വില വരും.
റാണിഹാർ- ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കല്യാണം മുകേഷ് അംബാനിയുടെ ഒരേയൊരു മകളുടേതായിരുന്നു. 500 മുതൽ 700 കോടി രൂപ വരെ ചെലവ് വന്നതായിരുന്നു ഈ കല്യാണം. ഈ ദിവസം ഇഷ അംബാനി ഏകദേശം 90 കോടി രൂപ വിലയുള്ള മനോഹരമായ ലെഹംഗ അണിഞ്ഞിരുന്നു. അതിനൊപ്പം റാണിഹാർ, ചോക്കർ എന്നിവയും അണിഞ്ഞിരുന്നു.
പെൻഡന്റ് ഡയമണ്ട് നെക്ലേസ്- മെറ്റ് ഗാല 2019-ൽ ഡിസ്നി രാജകുമാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൂവലുകളുള്ള ലാവെൻഡർ ഗൗണാണ് ഇഷ അംബാനി ധരിച്ചിരുന്നത്. കൂടെ ഒരു വലിയ പെൻഡന്റ് ഡയമണ്ട് നെക്ലേസ് ധരിച്ചിരുന്നു.















