ന്യൂഡൽഹി: ഇന്ത്യയും ആഫ്രിക്കൻ രാജ്യമായ മലാവിയുമായുള്ളത് ദീർഘകാല സൗഹൃദബന്ധമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു. ഡൽഹിയിൽ മലാവി പാർലമെന്റ് പ്രതിനിധി സംഘവുമായി നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രാഷ്‌ട്രപതി.
‘ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ വിശ്വാസമാണ് ഇന്ത്യയുടെയും മലാവിയുടെയും ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നത്. മലാവിയിലെ ഏറ്റവും വലിയ വ്യാപാര, സ്വകാര്യ നിക്ഷേപ പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന മലാവിയൻ പൗരന്മാരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് നമ്മുടെ രാജ്യം. ഇന്ത്യയ്‌ക്ക് മലാവിയുമായി ശക്തമായ വികസന പങ്കാളിത്തമാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ മലാവിയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നത് പ്രാധാന്യമേറിയ കാര്യമാണ്’ രാഷ്‌ട്രപതി പറഞ്ഞു.
ഡൽഹിയിലെത്തിയ മലാവി പ്രതിനിധി സംഘത്തെ ലോകസഭാ സ്പീക്കർ ഓം ബിർളയാണ് പാർലമെന്റ് യോഗത്തിലേക്ക് സ്വാഗതം ചെയ്തത്. ഉഭയകക്ഷി ചർച്ചകളിലൂടെ ആഫ്രിക്കൻ രാജ്യവുമായുള്ള ഇന്ത്യയുടെ ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഓം ബിർള ചൂണ്ടിക്കാട്ടി. ‘ഇന്ത്യയും മലാവിയും തമ്മിൽ സൗഹാർദ്ദപരമായ ബന്ധമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മലാവി പ്രസിഡന്റ് ലാസറസ് മക്കാർത്തി ചക്വേരയുടെയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ദിശയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കുമായാണ് പ്രവർത്തിക്കുന്നത്. മലാവിയുടെ സാമ്പത്തിക വികസനത്തിന് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്നും ബിർള വ്യക്തമാക്കി.















