2022-ലെ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് ജൂറിക്കെതിരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ മേഖലയിൽ നിന്നുൾപ്പടെ ഉയർന്നത്. രാഷ്‌ട്രീയപരമായും പക്ഷാപാതപരമായുമാണ് പുരസ്കാരം സമ്മാനിച്ചതെന്നായിരുന്നു ആരോപണം. ഇത് ശരിവെയ്‌ക്കുന്ന ഓഡിയോ സംവിധായകൻ വിനയൻ തന്നെ തെളിവായി പുറത്തും വിട്ടിരുന്നു. എന്നാൽ, ഇതെല്ലാം തികച്ചും അടിസ്ഥാന രഹിതമാണെന്ന ന്യായീകരണവുമായാണ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയത്. രഞ്ജിത്തിന് വേണ്ടി സാംസ്കാരിക മന്ത്രി വാദിച്ചതോടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് വിനയൻ.
പുരസ്കാരത്തിനായി പത്തൊമ്പതാം നൂറ്റാണ്ടിനെ പരിഗണിക്കേണ്ട എന്ന് രഞ്ജിത്ത് പറഞ്ഞുവെന്നുള്ള കേരളാ ഫിലിം അവാർഡിന്റെ മെയിൻ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്പരാജിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് വിനയൻ ആദ്യം രംഗത്തു വന്നത്. ആരോപണം മന്ത്രി സജി ചെറിയാൻ നിഷേധിച്ചതോടെ മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയും സംവിധായകൻ പുറത്തുവിട്ടു. ഗാനങ്ങൾ സെലക്ട് ചെയ്യുമ്പോൾ രഞ്ജിത്ത് കൈ കടത്തിയെന്നാണ് ജെൻസി ഗ്രിഗറി പറയുന്നത്. ഇതോടെ സംവിധായകൻ രഞ്ജിത്തും മന്ത്രി സജി ചെറിയാനും വെട്ടിലായിരിക്കുകയാണ്.
സംവിധായകൻ വിനയന്റെ പോസ്റ്റ്,
ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് സ്റ്റേറ്റ് അവാർഡ് ജുറിയിൽ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പോഴത്തെ വലിയ ചർച്ച. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്കാരികമന്ത്രി ഇന്നു സംശയലേശമന്യേ മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തു. ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് ഇതൊന്നു കേട്ടാൽ ജൂറി മെമ്പർമാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ അവാഡു നിർണ്ണയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നു മനസ്സിലാകും. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. കേട്ടു കേൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അക്കാദമി ചെയർ മാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണ്. അതാണിവിടുത്തെ പ്രശ്നവും. അല്ലാതെ അവാർഡ് ആർക്കു കിട്ടിയെന്നോ? കിട്ടാത്തതിന്റെ പരാതിയോ ഒന്നുമായി ദയവുചെയ്ത് ഈ വിഷയം മാറ്റരുത്. അധികാര ദുർവിനിയോഗം ആണ് ഈ ഇടപെടൽ. അതിനാണ് മറുപടി വേണ്ടത്.
Comments