ഇടുക്കി: കമ്പത്തെ ബെെക്കും ബസും കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിൽ പോലീസ് ഉദ്യോഗസ്ഥൻ പൊള്ളലേറ്റ് മരിച്ചു. ചിന്നമന്നൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പൊള്ളലേറ്റ് മരിച്ചത്. കമ്പം മാലമ്മപുരം സ്വദേശി രാമകൃഷ്ണൻ(40) ആണ് മരിച്ചത്. ബെെക്ക് യാത്രികനായ രാമകൃഷ്ണൻ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെ ആയിരുന്നു അപകടം.
കഴിഞ്ഞ ദിവസം കമ്പം തേനി റോഡിൽ ഉത്തമപാളയത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. രാമകൃഷ്ണന് സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ വാഹനങ്ങളിൽ തീ പടർന്ന് പിടിക്കുകയായിരുന്നു.
തീ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നാട്ടുകാർ ബസ്സിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. കമ്പത്തുനിന്ന് ബംഗളൂരുവിലേക്കു പോവുകയായിരുന്ന സ്വകാര്യബസുമായാണ് രാമകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിച്ചത്. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. രാമകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.
Comments