ഷിംല: ഹോം വർക്ക് ചെയ്യാത്തതിനാൽ അദ്ധ്യാപകന്റെ ശിക്ഷ ഒഴിവാക്കാൻ തന്നെ തട്ടികൊണ്ടു പോയെന്ന് വിദ്യാർത്ഥിയുടെ വ്യാജ പരാതി. ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് പരാതി നൽകിയത്. കോട് പോലീസ് സ്റ്റേഷനിലാണ് വ്യാജ പരാതിയുമായി വിദ്യാർത്ഥിനി എത്തിയത്.
മുഖംമൂടി ധരിച്ച രണ്ട് യുവാക്കൾ തന്നെ ബൈക്കിൽ തട്ടികൊണ്ട് പോയെന്നും ഏതോ വസ്തുവിന്റെ മണം ശ്വസിച്ചപ്പോൾ അബോധാവസ്ഥയിലായെന്നുമാണ് കുട്ടി വീട്ടുകാരോടും പോലീസിനോടും പറഞ്ഞത്. തട്ടികൊണ്ട് പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കിൽ ബൈക്ക് നിർത്തിയപ്പോൾ താനിറങ്ങി ഓടിയെന്നാണ് വിദ്യാർത്ഥി ആരോപിച്ചത്.
വിവരമറിഞ്ഞ് പരിഭ്രാന്തരായ കുട്ടിയുടെ വീട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. എന്നാൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും അങ്ങനെ യാതൊന്നും നടന്നിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയുടെ കൂടുതൽ മൊഴി രേഖപ്പെടുത്തുന്നതിനിടെ കളവ് പറഞ്ഞതാണെന്ന് പെൺകുട്ടി സമ്മതിയ്‌ക്കുകയായിരുന്നു. ഹോം വർക്ക് ചെയ്യാതിരുന്നാൽ അദ്ധ്യാപകൻ ശിക്ഷിക്കുമെന്നും അതിൽ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ പറഞ്ഞതെന്നുമാണ് വിദ്യാർത്ഥി പോലീസിനോട് പറഞ്ഞത്.
Comments