ഭോപ്പാൽ: തങ്ങളുടെ കാണാതായ തത്തയെ തിരഞ്ഞ് കുടുംബം. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് കുടുംബം ഓമനിച്ചു വളർത്തിയ തത്തയെ കാണാതായത്. ഏറെ തിരഞ്ഞിട്ടും കാണാതെ വന്നതോടെ കുടുംബം തങ്ങൾ താമസിക്കുന്ന നഗരത്തിൽ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു.
തങ്ങളുടെ പ്രിയപ്പെട്ട തത്തയെ കണ്ടുപിടിച്ച് കൊടുക്കുന്നവർക്ക് 10,000 രൂപയാണ് കുടുംബം പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇവർക്കൊപ്പം ഉള്ള തത്തയെ ആണ് കാണാതായിരിക്കുന്നത്. വെെകുന്നേരങ്ങളിൽ മാത്രമാണ് തത്തയുടെ കൂട് തുറന്ന് പുറത്തു വിടാറുള്ളത്. പതിവു പോലെ ചൊവ്വാഴ്ചയും തത്തയെ പുറത്തെടുത്തിരുന്നു. ഒരു നായയുടെ കുര കേട്ട് പേടിച്ച് തത്ത പറന്നു പോവുകയായിരുന്നു.
വീടിന് സമീപത്തുള്ള മരത്തിൽ ഇരുന്ന ശേഷമാണ് തത്ത പറന്നു പോയത്. രാത്രി മുഴുവൻ തിരഞ്ഞെങ്കിലും തത്തയെ കണ്ടെത്താനായില്ല. തുടർന്നാണ് നാട്ടുകാർക്ക് ഒരു അറിയിപ്പെന്നോണം ഒരു പോസ്റ്റർ തെരുവകളിൽ ഒട്ടിച്ചത്.
Comments