ശ്രീനഗർ: ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ(എൽഇടി) ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ള മൂന്ന് ഭീകരരെ ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ നാതിപോറ മേഖലയിൽ നിന്ന് വെള്ളിയാഴ്ചയാണ് ഭീകരരെ പിടികൂടിയത്. ശ്രീനഗർ നഗരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ മൂവരും പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു.
പ്രതികളിൽ നിന്ന് 3 ഹാൻഡ് ഗ്രനേഡുകൾ, 10 പിസ്റ്റൾ റൗണ്ടുകൾ, 25 എകെ 47 റൗണ്ടുകൾ അടക്കമുള്ള ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ ഭീകരർ ബാരാമുള്ളയിലെ ബുൾബുൾ ബാഗിൽ താമസിക്കുന്ന ഇമ്രാൻ അഹമ്മദ് നജറാർ, ശ്രീനഗർ ഖമർവാരിയിൽ താമസിക്കുന്ന വസീം അഹമ്മദ് മട്ട, ബിജ്ബെഹാരയിലെ പഴൽപോറയിൽ നിന്നുള്ള വക്കീൽ അഹമ്മദ് ഭട്ട് എന്നിവരാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ശ്രീനഗർ പോലീസ് സംഘം ഹാനിബാൾ നാറ്റിപോറയിൽ ചെക്ക് പോയിന്റ് സ്ഥാപിക്കുകയും മൂവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേരത്തെ നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീരുമായി(ഐഎസ്ജെകെ) ബന്ധമുള്ള ഭീകരനായിരുന്നു പ്രതികളിലൊരാളായ വക്കീൽ അഹമ്മദ് ഭട്ട്. ഇയാൾ രണ്ട് വർഷം ജയിലിൽ കിടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Comments