തിരുവനന്തപുരം: ഭീകരരുടെ സ്വത്ത് വിവരങ്ങൾ എൻഐഎ കൈമാറിയിട്ടും നടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ വരുത്തിയത് ഗുരുതരവീഴ്ച. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ ഭീകര സംഘടനയുടെ സ്വത്തുവിവരങ്ങൾ സംസ്ഥാന സർക്കാരിന് ദേശീയ അന്വേഷണ ഏജൻസി നൽകിയിരുന്നു. എന്നാൽ തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ കൂട്ടാക്കിയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.’
പിന്നാലെയാണ് കേന്ദ്ര എജൻസികൾ നേരിട്ട് കണ്ടുകെട്ടൽ നടപടിയുമായി മുന്നിട്ടിറങ്ങിയത്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും പോലീസ് സേനയെ ഉപയോഗിച്ച് നിരോധന നടപടികൾ വേഗത്തിലാക്കിയിരുന്നു. എന്നാൽ കേരളം മാത്രം ഇക്കാര്യത്തിൽ വീഴ്ച വരുത്തി. നിരോധനത്തിന്റെ പേരിൽ സംസ്ഥാനത്ത് വേട്ടയാടൽ നടക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ വ്യക്തമാക്കിയത്. പിന്നാലെ പരിശോധന അടക്കമുള്ള നടപടികൾക്ക് പോലീസ് കാലതാമസം വരുത്തി.
വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു നിയമ നടപടികളുമായി പോലീസ് മുന്നോട്ട് പോയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്നുള്ള ഹർത്താൽ അക്രമകേസുകളിലെ കണ്ടുകെട്ടൽ നടപടികളിലും സർക്കാർ കാലതാമസം വരുത്തിയിരുന്നു. ഹൈക്കോടതി ഇടപെട്ടതോടെയാണ് കേസിൽ കണ്ടുകെട്ടൽ നടപടികൾ വേഗത്തിലാക്കിയത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്റഫിന്റെ റിസോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കണ്ടുകെട്ടി. ഇടുക്കി മാങ്കുളത്ത് ‘മൂന്നാർ വില്ല വിസ്ത’എന്ന റിസോർട്ടാണ് കണ്ടുകെട്ടിയത്. 2.53 കോടിയുടെ വസ്തുവാണ് കണ്ടുകെട്ടിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻവാലി ആയുധ പരിശീലന കേന്ദ്രം കഴിഞ്ഞ ദിവസം എൻഐഎ കണ്ടുകെട്ടിയിരുന്നു.















