കൊല്ലം: ലഹരി ഉപയോഗിച്ച് ആഡംബര കാറിൽ കിടന്നുറങ്ങുകയും റോഡിൽ മാർഗതടസം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. മയ്യനാട് സ്വദേശി റഫീക്ക്, നെടുമ്പന പ്രദേശവാസി ശിവപ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളിൽ നിന്നും എംഡിഎംഎ, കഞ്ചാവ്, സ്വർണാഭരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
ഇത്തിക്കര മൂഴിയിൽ ഭാഗത്ത് വിട് വാടകയ്‌ക്കെടുത്ത് താമസിച്ചുകൊണ്ടാണ് ഇവർ ലഹരി കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ഓണക്കാലം മുന്നിൽ കണ്ടുകൊണ്ട് എംഡിഎംഎയും മറ്റു ലഹരി വസ്തുക്കളും വിൽപന നടത്തി തിരികെ വീട്ടിലേക്ക് വരികയായിരുന്ന യുവാക്കൾ അമിതമായി എംഡിഎംഎ ഉപയോഗിച്ചതിനാൽ കാറിൽ തന്നെ കിടന്നുറങ്ങുകയായിരുന്നു. വീതി കുറഞ്ഞ പാതയിൽ മാർഗതടസം സൃഷ്ടിച്ച് കാർ കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശേഷം പോലീസെത്തി നടത്തിയ പരിശോധനയിലാണ് സത്യാവസ്ഥ പുറം ലോകം അറിയുന്നത്.
ഓണത്തിനായി വസ്ത്രങ്ങൾ വാങ്ങി വന്നപ്പോൾ ക്ഷീണം കാരണവും താമസിച്ചതിനാലും ഉറങ്ങിപോയതാണെന്നു പറഞ്ഞ് യുവാക്കൾ മുങ്ങാൻ ശ്രമിച്ചു. എന്നാൽ വിശദപരിശോധനയിൽ ഇവരുടെ പക്കൽ നിന്നും 4.5 ഗ്രാം എംഡിഎംഎ, 1.07 ലക്ഷം രൂപയടങ്ങിയ നോട്ടുക്കെട്ടുകൾ, കഞ്ചാവ്, 4 പവന്റെ സ്വർണാഭരണങ്ങൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലായി ഇവർ പലരിൽ നിന്നും വൻ തുകകൾ സ്വീകരിച്ചതായി കണ്ടെത്തി. അതേസമയം ആഡംബരകാർ വാടകയ്‌ക്കെടുത്ത് വസ്ത്ര കച്ചവടത്തിന്റെ മറവിലാണ് യുവാക്കൾ ലഹരി വിൽപന നടത്തിരുന്നതെന്ന് പോലീസ് അറിയിച്ചു.
Comments