ഡൽഹി: ലോക്സഭയ്‌ക്ക് പിന്നാലെ ഡൽഹി സർവീസസ് ബിൽ രാജ്യസഭയിലും പാസായി. ആറ് മണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ഡൽഹിയിൽ അഴിമതി രഹിത ഭരണം ഉറപ്പാക്കുക എന്നതാണ് ഡൽഹി സർവീസ് ബില്ലിന്റെ പ്രധാന ലക്ഷ്യം. എന്നാൽ പ്രതിപക്ഷ മുന്നണികൾ ബില്ലിനെ എതിർക്കുകയായിരുന്നു. ഏറെ നേരത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് ഒഴിവാക്കി അംഗങ്ങൾക്ക് സ്ലിപ് നൽകിയാണ് വോട്ടിംഗ് നടത്തിയത്. പ്രതിപക്ഷത്ത് നിന്നും ഉയർന്ന അനാവശ്യ വിമർശനങ്ങളെയും വാദങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഭരണപക്ഷം നേരിട്ടു.
ബില്ലിൽ ചർച്ച നടക്കുന്നതിനിടെ ബിജെപി എംപിയും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗൊഗോയിക്കെതിരെ വിമർശനം ഉന്നയിച്ച് ജയ ബച്ചനടക്കം നാല് വനിതാ എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ബില്ലിനെ യാതൊരു അടിസ്ഥാനവുമില്ലാതെ എതിർക്കാൻ ശ്രമിച്ച പ്രതിപക്ഷത്തെ അതിരൂക്ഷമായാണ് കേന്ദ്രമന്ത്രി അമിത്ഷാ വിമർശിച്ചത്. ദേശീയ തലസ്ഥാനമായ ഡൽഹിയ്‌ക്ക് സംസ്ഥാനത്തിന്റെ പദവി നൽകിയിട്ടുണ്ടെങ്കിലും ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ കേന്ദ്രത്തിന് കീഴിലാണ്. ഇത്തരം അധികാരങ്ങൾ സംസ്ഥാന സർക്കാരിന് ലഭിക്കണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം എന്നിവയിൽ സംസ്ഥാനത്തിന് തീരുമാനം എടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി അംഗീകരിച്ചിരുന്നു.
എന്നാൽ ഇത് പ്രായോഗികമല്ലെന്നും ദേശീയ തലസ്ഥാനത്തിന്റെ ആഭ്യന്തരം പോയെുള്ള വിഷയങ്ങൾ കേന്ദ്രത്തിൽ തന്നെ തുടരണമെന്നും കേന്ദ്രവും അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ലോക്സഭയിലും രാജ്യ സഭയിലും ബിൽ അവതരിപ്പിച്ചത്. 131 എംപിമാർ അനുകൂലിച്ചപ്പോൾ 102 എംപിമാർ ബില്ലിനെ എതിർത്തു. സുപ്രീംകോടതിയുടെ ഉത്തരവിനെ ലംഘിക്കുന്നതല്ല ഡൽഹി ബില്ലെന്ന് അമിത് ഷാ സഭയിൽ വ്യക്തമാക്കി. അഴിമതിക്കെതിരായ സമരത്തിലൂടെ അധികാരത്തിൽ വന്ന പാർട്ടിയാണ് ആം ആദ്മി പാർട്ടി. എന്നാൽ, വിജിലൻസ് ഫയലുകള്‍ മറയ്‌ക്കാൻ അരവിന്ദ് കേജ്രിവാൾ സർക്കാർ ശ്രമിച്ചു എന്നും അമിത് ഷാ തുറന്നടിച്ചു. ആഗസ്റ്റ് 3-നാണ് ലോക്‌സഭ ബില്ല് പാസാക്കിയത്. വിഷയത്തിൽ വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ, ബിഎസ്പി തുടങ്ങിയ കക്ഷികൾ കേന്ദ്ര സർക്കാരിനൊപ്പം നിന്നു.
Comments