നെല്ലിൽ നിന്നുണ്ടാകുന്ന അവൽ അരിയേക്കാളും ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണെന്ന് പറയാവുന്നതാണ്. ഫൈബർ ധാരളമടങ്ങിയിട്ടുള്ള ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഊർജ്ജം പകരാനും സഹായകമാണ്. അതുകൊണ്ട് എന്തുകൊണ്ടും അവൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ഭൂരിഭാഗം പേരും അവൽ കൊണ്ട് അവൽ വിളയിച്ചതാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഒരു തവണ തികച്ചും വ്യത്യസ്തമായി ഉപ്പുമാവ് ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകൾ:-
അവൽ- ഒരു കപ്പ്
സവാള- 1 എണ്ണം
പച്ചമുളക്- 2 എണ്ണം
ഇഞ്ചി- കാൽ ടീസ്പൂൺ
കടുക്- ഒരു ടീസ്പൂൺ
നിലക്കടല- രണ്ട് ടേബിൾ സ്പൂൺ
നാരങ്ങ നീര്- 1 ടീസ്പൂൺ
കറിവേപ്പില- ഒരു തണ്ട്
മഞ്ഞൾപൊടി- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
ആദ്യം അവൽ വെള്ളത്തിൽ നന്നായി കഴുകി അരിപ്പയിൽ വാരാൻ വയ്‌ക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാള, പച്ചമുളക്, ഇഞ്ചി നിലക്കടല, കറിവേപ്പില എന്നിവ നന്നായി വഴറ്റി എടുക്കുക. ശേഷം അവലും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം നാരങ്ങ നീര് ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് നേരം മൂടിവച്ച് വേവിക്കുക. തേങ്ങ ചിരവിയത് കൂടി ചേർത്താൽ കൂടുതൽ രുചികരമാവും. ശേഷം ചൂടോടെ വിളമ്പാവുന്നതാണ്.















