തിരുവനന്തപുരം: ശബരിമലയിൽ കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി തിരുപ്പതി മോഡൽ യന്ത്രം സ്ഥാപിക്കാനൊരുങ്ങുന്നു. തിരുപ്പതി ക്ഷേത്രത്തിൽ സ്ഥാപിച്ച കമ്പനിയുടെ തന്നെ അത്യാധുനിക യന്ത്രമാണ് ശബരിമല സന്നിധാനത്തേക്കും എത്തിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപന്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ യന്ത്രം നേരിട്ടുകണ്ട് വിലയിരുത്തി. രണ്ടരക്കോടിയോളം ചെലവുവരുന്ന യന്ത്രം എത്തുക സ്‌പോൺസർമാരിലൂടെയാണ്.
ശബരിമലയിൽ നാണയം എണ്ണുന്നതിനായി അധിക സമയം എടുക്കുന്നത് ജീവനക്കാരെ അധികമായി വേണ്ടതിനുള്ള സാഹചര്യം ഒരുക്കുന്നു. ഇ-കാണിക്ക സജ്ജമാക്കിയിരിക്കുന്നതിനാൽ ഭാവിയിൽ ഈ പ്രതിസന്ധി കുറയുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. കറൻസികളുടെ എണ്ണം ഇത്തരത്തിൽ കുറയുമെന്നതിനാൽ നാണയം എണ്ണുന്നതിന് വേണ്ടിയുള്ള യന്ത്രമാണ് സ്ഥാപിക്കാനൊരുങ്ങുന്നത്.
ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരത്തിലും കാണിക്ക വഞ്ചികളിലുമായി എത്തുന്ന നാണയങ്ങൾ തരം തിരിക്കുന്നത് ഈ യന്ത്ര സംവിധാനത്തിലൂടെയായിരിക്കും. മെഷീൻ സ്‌കാൻ ചെയ്ത നാണയങ്ങൾ തരംതിരിച്ചതിന് ശേഷം നൂറിന്റെ പായ്‌ക്കറ്റുകളായാണ് ലഭിക്കുക. യന്ത്രം സ്ഥാപിക്കുന്നതിനായി നിലവിൽ പത്ത് മാസം കൂടി വേണ്ടി വരും. ഇതിനാൽ തന്നെ നവംബറിലെ തീർത്ഥാടകാലത്ത് ഈ നില തന്നെ തുടരാനാണ് തീരുമാനം. കഴിഞ്ഞ തവണ മണ്ഡലകാലം അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞായിരുന്നു നാണയങ്ങൾ എണ്ണി തീർത്തത്.















