ക്ഷേത്രങ്ങളുടെ നാടാണ് ഭാരതം. നിരവധി വൈവിധ്യങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ക്ഷേത്രങ്ങൾ കേവലം ആരാധനലയങ്ങൾക്കപ്പുറം സമ്പത്ത് സൂക്ഷിക്കുന്നയിടം കൂടിയാണ്. ഇന്ത്യയിലെ ചില സമ്പന്ന ക്ഷേത്രങ്ങളിതാ..
പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം
ഇന്ത്യയിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് പത്മനാഭസ്വാമി ക്ഷേത്രം. തിരുവിതാംകൂർ രാജ്യത്തിന്റെ കുലദൈവമാണ് അനന്തുമേൽ ശയിക്കുന്ന വിഷ്ണു. 16-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം പണി കഴിപ്പിച്ച ക്ഷേത്രത്തിന് നിരവധി നിഗൂഢതകളും രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ലോകത്തെ തന്നെ അതിസമ്പന്നമായ ക്ഷേത്രമായാണ് പത്മനാഭസ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. ഇപ്പോഴും കൃത്യമായ കണക്കുകൾ ഇല്ലാത്തത്ര സമ്പത്ത് ഇവിടുണ്ട്. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം എന്നുപറയുന്നത് വിലമതിക്കാനാവാത്ത നിധി ശേഖരം തന്നെയാണ്. അമൂല്യമായ സമ്പത്തുകൾ ശേഖരിച്ച് വച്ചിരിക്കുന്നത് അറകളിലാണ്.
ആറാമത്തെ അറയെ രഹസ്യ അറയായാണ് കണക്കാക്കുന്നത്. മനുഷ്യർക്ക് ഈ അറ തുറക്കാനാൻ കഴിയില്ലെന്നാണ് വിശ്വാസം. ശ്രീചക്രം പോലുള്ള അമൂല്യ വസ്തുക്കൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിശ്വാസിക്കപ്പെടുന്നത്. 1931-ൽ ആറാമത്തെ അറയ്‌ക്കുള്ളിലെ ആദ്യ അറ തുറന്നിരുന്നു. ആറാമത്തെ പ്രധാന അറ തുറക്കാൻ ശ്രമിച്ചപ്പോൾ വിഷം ചീറ്റുന്ന നാഗങ്ങൾ പുറത്ത് ചാടി എന്നും പറയപ്പെടുന്നു. ഈ അറ തുറന്നാൽ ദൈവകോപം ഉണ്ടാകുമെന്ന വിശ്വാസിക്കുന്നതിനാൽ ഇതിനുള്ള ശ്രമങ്ങൾ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം, ആന്ധപ്രദേശ്
ഏറ്റവുമധികം ഭക്തർ സംഭാവന നൽകുന്ന ക്ഷേത്രമാണിത്. പ്രതിവർഷം 650 കോടി രൂപയുടെ സംഭാവനയാണ് ക്ഷേത്രത്തിന് ലഭിക്കാറുള്ളത്. ഇവിടുത്തെ ലഡു അതി വിശിഷ്ടമാണ്. പ്രസാദമായി ലഡു വിൽക്കുന്ന ഇനത്തിൽ തന്നെ കോടികളാണ് ലഭിക്കുന്നത്. വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഭരണസമിതി 2022-23 ലെ വാർഷിക ബജറ്റിൽ 3,096.40 കോടി രൂപയാണ് വരുമാനം കണക്കാക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനത്തിൽ, ഏകദേശം 1,000 കോടി രൂപയോളം കാണിക്ക മാത്രമായി ക്ഷേത്രത്തിന് ലഭിക്കുന്നുണ്ട്. പ്രസിദ്ധമായ ലഡു പ്രസാദം വിറ്റഴിക്കുന്നതിലൂടെ മാത്രം വർഷം 300 കോടിക്ക് മേൽ ക്ഷേത്രത്തിന് ലഭിക്കുന്നു. കൂടാതെ സംഭാവനകളും 300 കോടിക്കുമേൽ വരുന്നതായാണ് കണക്കുകൾ.
ഷിർദി സായിബാബ ക്ഷേത്രം, മഹാരാഷ്‌ട്ര
പട്ടികയിൽ മൂന്നാമത് ഷിർദി സായിബാബ ക്ഷേത്രമാണ്. 32 കോടി രൂപയുടെ സ്വർണം ഇവിടെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. പ്രതിവർഷം 360 കോടി രൂപ സംഭാവനയായി ലഭിക്കുന്നു. ആത്മീയത അന്വേഷിക്കുന്നവർക്ക് മികച്ച ഇടമാണ് ഇവിടം. ബ്രിട്ടീഷുകാർ ഇന്ത്യയെ കീഴടക്കിയതിന്റെ പശ്ചാത്തലത്തിൽ വിഭജിക്കപ്പെട്ട ഹിന്ദു- മുസ്ലീം സമുദായങ്ങളെ ഒരുമിപ്പിക്കുന്ന വലിയ ഘടകമായിരുന്നു സായിബാബ. വിവിധ മതസ്ഥരാണ് സായിബാബയെ ആരാധിക്കുന്നത്. രോഗശാന്തിയ്‌ക്കായാണ് അധികം പേരും ഇവിടെ എത്തുന്നത്. ഷിർദ്ദി സായിബാബ കത്തിച്ച പവിത്രമായ അഗ്‌നി രാപ്പകലും കത്തുന്നുണ്ട്.
മീനാക്ഷിയമ്മൻ ക്ഷേത്രം, മധുര
തമിഴ്നാട്ടിലെ മധുരയിൽ സ്ഥിതി ചെയ്യുന്ന മീനാക്ഷമ്മൻ ക്ഷേത്രവും സമ്പത്തുള്ള ക്ഷേത്രങ്ങളുടെ പട്ടികയിലുണ്ട്. കോടിക്കണക്കിന് രൂപയുടെ വാർഷിക വരുമാനമുണ്ട് ഇവിടെ. ശിവനും പാർവതിയുമാണ് ഇവിടത്തെ ആരാധാനാമൂർത്തികൾ. 12 ഗോപുരങ്ങളാലും 4,500-ഓളം തൂണുകളാലും ഉയർന്ന് നിൽക്കുന്ന അത്ഭുത ക്ഷേത്രമാണിത്. പതിനഞ്ച് ഏക്കറിൽ മീനാക്ഷിയമ്മൻ ക്ഷേത്രം നിറഞ്ഞ് നിൽക്കുന്നു. മധുരാ നഗരത്തിന്റെ ഹൃദയഭാഗത്താണ് മീനാക്ഷി അമ്മാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഞ്ച് കവാടങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. 32 സിംഹരൂപങ്ങളും എട്ട് വെള്ളാന രൂപങ്ങളും 64 ശിവഗണങ്ങളുടെ രൂപങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ദ്രാവിഡ ശില്പ കലയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഈ രൂപങ്ങൾ.
ജഗന്നാഥ ക്ഷേത്രം, പുരി
ദിനംപ്രതി ആയിരങ്ങൾ ദർശനത്തിനെത്തുന്ന ക്ഷേത്രത്തിൽ 100 കിലോയിലധികം സ്വർണവും വെള്ളിയും സൂക്ഷിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിലെ വാസ്തുവിദ്യകൊണ്ടും വ്യത്യസ്തമായ ചടങ്ങുകൾ കൊണ്ടും വേറിട്ട് നിൽക്കുന്ന ക്ഷേത്രമാണ്. ക്ഷേത്രത്തിലെ മഹാപ്രസാദം ലോകപ്രശസ്തമാണ്. എല്ലാ ദിവസവും ഇവിടുത്തെ പാചകപ്പുരയിൽ 20,000 പേർക്കുള്ള ഭക്ഷണം പാകം ചെയ്യാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പാചകപ്പുര എന്നാണ് ഇവിടത്തെ തുറസായ സ്ഥലത്തിൽ സജ്ജീകരിച്ചിരിക്കുന്ന പാചകപ്പുര അറിയപ്പെടുന്നത്. 600 പാചകക്കാരാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ വമ്പൻ അടുക്കളയിൽ പാചകം ചെയ്യുന്നത്. ചില വിശേഷ ദിനങ്ങളിൽ 50,000 പേർക്കു വരെയുള്ള ഭക്ഷണം തയ്യാറാകും. വിവിധ മതവിഭാഗത്തിൽപ്പെട്ടവരാണ് അനുദിനം ഇവിടെയെത്തുന്നത്.
സുവർണക്ഷേത്രം, അമൃത്സർ
പേരുപോലെ തന്നെ സ്വർണം ഉപയോഗിച്ചാണ് സുവർണ ക്ഷേത്രത്തിന്റെ നിർമിതി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന നിർമിതിയായി ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ സുവർണക്ഷേത്രത്തിൽ പ്രതിദിനം ലക്ഷകണക്കിന് ആളുകൾ എത്താറുണ്ടെന്നാണ് കണക്ക്. രണ്ട് നിലകളിലായി മാർബിളിൽ തീർത്ത ഈ ഗുരുദ്വാര സിക്ക് മതക്കാരുടെ ആത്മീയ തലസ്ഥാനമായ പഞ്ചാബിലെ അമൃത്സറിലാണുള്ളത്.
സോമനാഥ ക്ഷേത്രം, ഗുജറാത്ത്
പ്രതിവർഷം കോടിക്കണക്കിന് രൂപയാണ് ഇവിടെ കാണിക്കയായി ലഭിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന് ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ പ്രശ്തമായ ക്ഷേത്രമാണ് ഇവിടം. നിരവധി തവണ തകർക്കപ്പെട്ട, ഒപ്പം പുനർനിർമ്മിക്കപ്പെട്ട ക്ഷേത്രമാണ് സോമനാഥക്ഷേത്രം. ക്ഷേത്രത്തിലെ ആദ്യകാല രൂപം പണിതത് എപ്പോഴാണെന്ന് കൃത്യമായി നിർവചിക്കാനായിട്ടില്ല. ഒന്നാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിലും ഇടയ്‌ക്കുള്ള കാലഘട്ടത്തിലാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. കടതൽത്തീര ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രങ്ങളിലൊന്നുമാണ് ഇത്.















