കൊല്ലം: സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ വാനിൽ കയറ്റാൻ ശ്രമിച്ചതായി പരാതി. അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. സ്‌കൂളിലേക്കുള്ള പ്രധാന പാതയായ അഷ്ടമുടി മുക്കിന് സമീപമായിരുന്നു സംഭവം നടന്നത്.
സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ തടഞ്ഞു നിർത്തുകയും വാഹനത്തിൽ കയറിയാൽ സ്‌കൂളിൽ എത്തിക്കാം എന്ന വാഗ്ദാനവും വാനിലുള്ളവർ നൽകിയതായി കുട്ടികൾ പറഞ്ഞു. ഭയന്നു പോയ വിദ്യാർത്ഥികൾ വാഗ്ദാനം നിരസിച്ച് മുന്നോട്ടു നടന്നു നീങ്ങിയപ്പോൾ വീണ്ടും പിന്തുടർന്ന് വാഹനം എത്തുകയും വാനിൽ കയറാൻ ആവശ്യപ്പെട്ടതായും വിദ്യർത്ഥികൾ അറിയിച്ചു.
കുട്ടികൾ വാനിൽ കയറാതെ മടിച്ച് നിൽക്കുന്ന സമയം മറ്റ് വാഹനങ്ങൾ അത് വഴി വന്നതിനാൽ വാനിലുണ്ടായിരുന്നവർ വണ്ടി ഓടിച്ചു പോയെന്നും വിദ്യർത്ഥികൾ സ്‌കൂൾ അധികൃതരെ അറിയിച്ചു. വിവരം സ്‌കൂളിൽ അറിഞ്ഞതോടെ സമാനമായ സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മറ്റു കുട്ടികൾക്കും നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തി. ഇതേതുടർന്ന് സ്‌കൂളുകളിലേക്ക് വരുന്ന പാതയോരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സ്‌കൂൾ അധികൃതരും മാതാപിതാക്കളും പോലീസിൽ പരാതി നൽകി.
Comments