ന്യൂഡൽഹി: വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം സുപ്രധാനമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. വരും നാളുകളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അതിനായി ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സത്രീകളുടെ പങ്കാളിത്തമില്ലാതെ അത് സാധിക്കില്ലെന്നും രാഷ്‌ട്രപതി പറഞ്ഞു. റൈസിംഗ് വനിതാ വിജയികളെ ആദരിക്കുന്നതിന് ഡൽഹിയിൽ സംഘടിപ്പിച്ച റൈസിംഗ് ഇന്ത്യ-ഷീ ശക്തി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
‘വനിതാ വിജയികളെ ആദരിക്കുന്നതിനായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് വളരെ പ്രസക്തമാണ്. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും പങ്കാളിത്തം അനിവാര്യമാണ്. സ്ത്രീകൾക്ക് ജീവിതത്തിൽ മുന്നേറാനും രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കാനും അതിയായ ആഗ്രഹമുണ്ടെന്ന് അവരോട് സംസാരിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. രാജ്യത്തിലെ സ്ത്രീകൾക്ക് ആദരവും അവസരങ്ങളും നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’ രാഷ്‌ട്രപതി പറഞ്ഞു.
‘പിന്നാക്ക വിഭാഗത്തിലെ പെൺകുട്ടികൾ ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ടാണ് എല്ലാ മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കുന്നത്. സ്ത്രീകളോടുള്ള ബഹുമാനമാണ് നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനം. സ്ത്രീകൾ അപമാനിക്കപ്പെട്ട സന്ദർഭങ്ങളിലെല്ലാം സമൂഹം ഒന്നടങ്കം ഒന്നിക്കുകയും കുറ്റവാളികൾ ശിക്ഷിക്കുകയും ചെയ്തതിന് ധാരാളം തെളിവുകളാണ് നമ്മുടെ പാരമ്പര്യത്തിലുള്ളത്. രാജ്യത്തിലെ നാരി-ശക്തി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കാൻ സർക്കാർ നിരന്തരം പരിശ്രമിക്കുന്നുണ്ട്. എല്ലാ സ്ത്രീകൾക്കും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളിൽ ഉയർന്നുവരാൻ ആവശ്യമായ എല്ലാ അവസരങ്ങളും നാം സൃഷ്ടിക്കേണ്ടതുണ്ടെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.















