കുറച്ചധികം നാളായി ടെക്കികളെയും സാധാരണക്കാരെയും സസ്‌പെൻസിന്റെ പാര്യമത്തിൽ നിർത്തിയിരിക്കുകയാണ് ജിയോ. കാരണം മറ്റൊന്നുമല്ല, 10,000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ ആണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് അവസാനത്തോടെ പുതിയ ഫോൺ വിപണി കീഴടക്കാനെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
രണ്ട് മോഡലുകളാണ് ജിയോ അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. JBV161W1, JBV162W1 എന്നീ സീരിയൽ നമ്പറുകളാണ് മോഡലുകൾക്ക് നൽകിയിരിക്കുന്നത്. ഈ രണ്ട് ഫോണുകളുടെയും ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലുണ്ട്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലായിരിക്കും ജിയോഫോണുകൾ അവതരിപ്പിക്കുകയെന്നാണ് വിവരം.
ഫോണുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇവ ഒരേ മോഡലായിരിക്കാനാണ് സാദ്ധ്യത. പുറത്തായ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. കമ്പനി ഇത് സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയെ 2ജി രഹിത രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 5ജി ഫോണുകൾ അവതരിപ്പിക്കുന്നതെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
പുറത്തായ വിവരങ്ങൾ പ്രകാരം 6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി 90 Hz സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക. 5,000 mAh ബാറ്ററിയും നൽകുന്നു. 13 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഫോണിൽ സെൽഫികൾക്കായി 8 മെഗാപിക്‌സൽ സെൻസറും ഉണ്ടായിരിക്കും. കുറഞ്ഞത് 18 W ചാർജിംഗ് സപ്പോർട്ടും പുതിയ ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ.















