മൊഹാലി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് മൂന്ന് തോക്കുകൾ പിടിച്ചെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാനഡ ആസ്ഥാനമായുള്ള ഭീകരൻ ലഖ്ബീർ സിംഗിന്റെയും ചെക്ക് റിപ്പബ്ലിക് ഭീകരൻ ഗുർദേവ് സിംഗിന്റെയും കൂട്ടാളികളാണ് അറസ്റ്റിലായവരെന്ന് പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവ് വ്യക്തമാക്കി. ഇവരെ അറസ്റ്റ് ചെയ്തതിലൂടെ സ്വാതന്ത്ര്യ ദിനാഘോഷത്തിനോട് അനുബന്ധിച്ച് ഇവർ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതികൾ തടയാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ് പോലീസും കൗണ്ടർ ഇന്റലിജൻസും ടാർൻ തരൺ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കാനഡ ആസ്ഥാനമായുള്ള ഭീകരസംഘത്തിന്റെ തലവൻ ലഖ്ബീർ സിംഗിനെയും, ചെക്ക് റിപബ്ലിക് ആസ്ഥാനമായുളള ഭീകരവാദി ഗുർദേവ് സിംഗിന്റെയും കൂട്ടാളികളെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ സർഹാലി പോലീസ് സ്റ്റേഷന് നേരെ ഫെബ്രുവരിയിൽ നടത്തിയ ആർപിജി ഗ്രനേഡ് ആക്രമണത്തിൽ സത്ബീർ സിംഗിനും ലഖ്ബീർ സിംഗിനും പങ്കുണ്ടായിരുന്നു. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ നടത്താനിരുന്ന ഭീകരാക്രണമണം ഇതോടെ തകർക്കാനായെന്നും ഗൗരവ് യാദവ് ട്വിറ്ററിൽ (എക്സ്) കുറിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, പഞ്ചാബിലെ സമാധാനവും ഐക്യവും തകർക്കാനുള്ള ഗൂഢാലോചന നടത്താൻ ശ്രമിച്ചെന്ന് പ്രതികൾ സമ്മതിച്ചു. ഇവരുടെ പക്കൽ നിന്ന് മൂന്ന് പിസ്റ്റളുകളും പണവും പോലീസ് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് മേധാവി വ്യക്തമാക്കി.
Comments