മലയാള സിനമാ പ്രേമികൾ അത്രപ്പെട്ടെന്ന് മറക്കാത്ത മുഖമാണ് ഭരത് ചന്ദ്രൻ എപിഎസിനെ. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകൾ എല്ലാം മലയാളികൾക്ക് മനഃപാഠമാണ്. ‘ഐ ആം ഭരത് ചന്ദ്രൻ എപിഎസ് ജസ്റ്റ് റിമമ്പർ ദാറ്റ്’ എന്ന ഡയലോഗുമായി സുരേഷ്ഗോപി പ്രത്യക്ഷപ്പെടുമ്പോഴുള്ള മാസ്സ് ബിജിഎം പ്രേക്ഷകരിൽ ആവേശത്തിര തീർത്തിരുന്നു.
‘ഓര്‍മ്മയുണ്ടോ ഈ മുഖം..?, മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും…’ എന്നൊക്കെ തുടങ്ങുന്ന സിനിമയിലെ കലക്കൻ ഡയലോഗുകൾക്കും ആ മാസ് ബിജിഎമ്മിനും പുതു തലമുറയിലും ആരാധകരേറെയാണ്. രാജാമണി സംഗീതം നിര്‍വഹിച്ച കമ്മീഷണറിലെ ഈ ബി ജി എം വന്ന വഴിയെ കുറിച്ച് ഓർക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഒരു അഭിമുഖത്തിലായിരുന്നു സംവിധായകൻ മനസ്സ് തുറന്നത്.
‘മദ്രാസില്‍ ആയിരുന്നു സിനിമയുടെ ഡബ്ബിംഗ് വർക്ക്. ഒരു രാത്രി എഡിറ്റിംഗ് കഴിഞ്ഞ് ഏഴെട്ടു മണിയായപ്പോൾ തിരിച്ച് വുഡ്സ് ലാൻഡ് ഹോട്ടലിലേക്ക് പോയി കൊണ്ടിരിക്കുമ്പോൾ ചെന്നൈ നഗരത്തിലെങ്ങും ഒരു മ്യൂസിക്കേ കേൾക്കൂ. അത് സണ്‍ ടി വി ന്യൂസിന്‌റെ ഓപ്പണിംഗ് മ്യൂസിക് ആയിരുന്നു. ആ വിഷ്വൽ എനിക്കിപ്പോഴും ഓർമയുണ്ട്. ഞാനതു റെക്കോർഡ് ചെയ്തെടുത്തു. അത് രാജാമണിക്ക് നല്‍കുകയും ഇതിൽ എന്തേലും മാറ്റങ്ങൾ വരുത്തി ചെയ്തു തരണം എന്നും പറഞ്ഞു. അങ്ങനെ രാജാമണി അയാളുടേതായ സംഗതികളുമൊക്കെ ചേർത്ത് തയ്യാറാക്കിയതാണ് കമ്മീഷണറിലെ ഈ ബി ജി എം.’- ഷാജി കൈലാസ് പറഞ്ഞു.
1994ലാണ് ഡയലോഗുകളുടെ തമ്പുരാൻ രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ സിനിമ പുറത്തിറങ്ങുന്നത്. ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ അസാധ്യ പെർഫോമെൻസും, ഡയലോഗ് ഡെലിവറയും എല്ലാം കൂടിചേർന്നപ്പോൾ മികച്ച ഹിറ്റുകളിലൊന്നായി സിനിമ മാറുകയായിരുന്നു. കമ്മീഷണറിന്‌റെ രണ്ടാം ഭാഗമായി രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ഭരത് ചന്ദ്രന്‍ ഐ പി എസ് 2005- ല്‍ പുറത്തിറങ്ങി. പിന്നീട് ഷാജി കൈലാസ് ചിത്രം ദി കിംഗ് ആന്‍ഡ് കമ്മീഷണറിലും സുരേഷ് ഗോപിയുടെ എൻട്രി മ്യൂസിക്കായി ഈ ബിജിഎം തന്നെയാണ് ഉപയോഗിച്ചത്.















