ടെഹ്റാൻ: കാൻ ഫിലിം ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിച്ചുവെന്ന കുറ്റത്തിന് ഇറാനിയൻ സംവിധാകന് ജയിൽ ശിക്ഷ. ലെയ്ലാ’സ് ബ്രദേഴ്സ് എന്ന ഇറാനിയൻ ചിത്രം കഴിഞ്ഞ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിന് സംവിധായകൻ സയിദ് റൂസ്റ്റായീയെ ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആറ് മാസം തടവിന് ശിക്ഷ വിധിക്കുകയായിരുന്നു.
ടെഹ്റാനിൽ കഴിയുന്ന ഇറാനിയൻ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ലെയ്ലാ’സ് ബ്രദേഴ്സ്. കുടുംബം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വളരെ സങ്കീർണമായിട്ടായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഇറാനിൽ നിരോധിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക വ്യവസ്ഥകൾക്കെതിരായ പ്രതിപക്ഷ അജണ്ടയ്ക്ക് ആക്കം കൂട്ടാൻ സിനിമ പ്രചോദനമായെന്നായിരുന്നു ഇറാനിയൻ ഭരണകൂടത്തിന്റെ വിമർശനം. എന്നിരുന്നാലും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് പുരസ്കാരം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞു.
നിലവിൽ സംവിധായകൻ കൂടാതെ സിനിമയുടെ നിർമ്മാതാവിനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അനുമതി കൂടാതെ ചിത്രം പ്രദർശിപ്പിച്ചുവെന്നും സാംസ്കാരിക മന്ത്രാലയം നിർദേശിച്ച തിരുത്തുകൾ വരുത്താൻ സംവിധായകൻ തയ്യാറായില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ആറ് മാസം തടവിനാണ് ശിക്ഷിച്ചതെങ്കിലും അതിന്റെ ഇരുപതിലൊന്ന് മാത്രമേ പ്രതികൾ അനുഭവിക്കേണ്ടതുള്ളൂ. അതായത് ഏകദേശം ഒമ്പത് ദിവസം മാത്രം പ്രതികൾ ജയിലിൽ കിടന്നാൽ മതിയാകും. എന്നാൽ പിന്നീടുള്ള അഞ്ച് വർഷത്തേക്ക് ഇരുവരും തൊഴിൽ മേഖലയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടും. ഇക്കാലയളവിൽ ദേശീയവും ധാർമ്മികവുമായ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കുകയും ഫിലിം മേക്കിംഗ് കോഴ്സ് പൂർത്തിയാക്കുകയും വേണം. കൂടാതെ മറ്റ് സിനിമാ പ്രൊഫഷണലുകളുമായി സഹവസിക്കുന്നതും ഒഴിവാക്കണം.















