ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ പ്രധാനമന്ത്രി സ്ഥാനത്തിന് അർഹനാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. മികച്ച കാഴ്ചപാടുള്ള നേതാവാണ് രാഹുൽ. ഐ.എൻ.ഡി.ഐ.എ സഖ്യം ശരിയായ ലക്ഷ്യത്തിന് വേണ്ടിയാണ് പോരാടുന്നത്. മതാന്ധതയ്ക്കെതിരായ പോരാട്ടത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിയുടെ യോഗ്യത എന്താണെന്ന ചോദ്യത്തിന് മഹാത്മാഗാന്ധി ജീവൻ ബലിയർപ്പിച്ചിരുന്നു എന്നാണ് പിഡിപി നേതാവിന്റെ മറുപടി.
‘ഇന്ന് അധികാരത്തിലുള്ളവരേക്കാൾ നല്ല കാഴ്ചപ്പാട് രാഹുലിനുണ്ട്. മഹാത്മാഗാന്ധി ജീവൻ ബലിയർപ്പിച്ചു, അദ്ദേഹത്തിന്റെ മുത്തച്ഛൻ ജയിലിൽ പോയി, മുത്തശ്ശിയും അച്ഛനും ജീവൻ ബലിയർപ്പിച്ചു. അതുകൊണ്ട് തന്നെ ഇന്ത്യ എന്ന ആശയം എങ്ങനെ സംരക്ഷിക്കാം എന്ന് കൃത്യമായി രാഹുലിന് അറിയാം. അദ്ദേഹത്തിന്റെ ആവേശം അതാണ്. ഇന്ത്യ എന്ന ആശയം സംരക്ഷിക്കാൻ ഒരാൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിൽ പ്രധാനമന്ത്രിയാകാൻ മറ്റെന്ത് യോഗ്യതയാണ് വേണ്ടത്’.
‘രാഹുൽ ഗാന്ധി മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിന് പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഉയർത്തി കാട്ടാൻ നിരവധി മുഖങ്ങളുണ്ട്. എന്നാൽ ബിജെപിക്ക് ഒരു മുഖമേ ഉള്ളൂ. നിതീഷ്, മമത, സ്റ്റാലിൻ എന്നിങ്ങനെ പ്രതിപക്ഷത്ത് നിരവധി പേരുണ്ട്. പ്രധാനമന്ത്രിയായാലും ഇല്ലെങ്കിലും രാഹുലിന് വിഷമമില്ല. ഇന്ത്യാ സഖ്യം ശരിയായ ലക്ഷ്യത്തിന് വേണ്ടിയാണ് പോരാടുന്നത്. മതാന്ധതയ്ക്കെതിരായ ഈ പോരാട്ടത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകും’- മെഹബൂബ മുഫ്തി പറഞ്ഞു.
Comments