രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സുപ്രധാന ഘട്ടം ഇന്നലെ വിജയിച്ചിരുന്നു. ലാൻഡറും പ്രൊപ്പൽഷൻ മൊഡ്യൂളും വിജയകരമായി വേർപെടുത്തിയെന്ന് ഐഎസ്ആർഒ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇന്ന് വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തോട് അടുപ്പിക്കുന്ന പ്രക്രിയ ആരംഭിക്കും.
ഇത്തവണത്തെ ചന്ദ്രയാൻ-3 ദൗത്യത്തിൽ ഉപഗ്രഹഭാഗം അഥവാ ഓർബിറ്റർ ഉണ്ടായിരുന്നില്ല. ലാൻഡറിനെ വഹിച്ചത് പ്രൊപ്പൽഷൻ മൊഡ്യൂൾ ആയിരുന്നു. ലാൻഡറിനോട് വേർപിരിഞ്ഞ പ്രൊപ്പൽഷൻ മൊഡ്യൂൾ കുറച്ചുനാൾ നിലവിലുള്ള ചാന്ദ്രഭ്രമണത്തിൽ വിവിധ പഠനങ്ങൾ നടത്തി തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഒരേയൊരു ശാസ്ത്രീയ ഉപകരണമാണ് വച്ചിട്ടുള്ളത്.
സ്‌പെക്ട്രോ പോളിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത് അഥവാ ഷെയ്പ് എന്ന ഈ ഉപകരണം ഭൂമിയുടെ ദൃശ്യങ്ങൾ പകർത്തി അയയ്‌ക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലം വെച്ചുകൊണ്ട് ഭൂമിയുടെ അന്തരീക്ഷത്തെ നിരീക്ഷിക്കുക എന്നതാകും ഇതിന്റെ ദൗത്യം. മറ്റ് ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിലും ഇതിന്റെ വിവരങ്ങൾ സഹായകമാകും. ഇസ്‌റോയുടെ ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററാണ് ഷെയ്പ് വികസിപ്പിച്ചെടുത്തത്.















