സാംബസുന്ദരേശ്വരനായ ഭഗവാന്‍ സിദ്ധന്റെ രൂപത്തില്‍ പ്രത്യഷപ്പെട്ട് പല അത്ദുതങ്ങളും പ്രകടിപ്പിച്ച ലീലയാണ് ഇത്.
കാലകാലനും സര്‍വ്വജ്ഞനുമായ സുന്ദരേശ ഭഗവാന്‍ മധുരനിവാസികള്‍ക്ക് സമ്പത്തും അഭീഷ്ഠങ്ങളും നല്‍കുവാന്‍ വേണ്ടി ഒരു സിദ്ധന്റെ രൂപം സ്വീകരിച്ചു. ആ രൂപത്തെ കവി വര്‍ണ്ണിക്കുന്നത് ഇങ്ങനെയാണ്.
“പാദങ്ങളില്‍ കടകവും ( പൊന്‍വള),നൂപുരവും ( കാല്‍ചിലമ്പ് ) അണിഞ്ഞിരുന്നു.പുലിത്തോല്‍ കൊണ്ടുള്ള കൗപീനം ( കോണകം) ധരിച്ചിരുന്നു. ഇടതുകെയില്‍ യോഗ ദണ്ഡും വലതുകെയില്‍ സ്വര്‍ണ വടിയും വഹിച്ചിരുന്നു. ശരീരം മുഴുവന്‍ ഭസ്മം തേച്ചിരുന്നു. ചെമ്പിച്ച ജടകളെ നാഗങ്ങളെ കൊണ്ട് കെട്ടിയിരുന്നു. കര്‍ണ്ണങ്ങളില്‍ ശുദ്ധ സ്ഫടിക കുണ്ഡലങ്ങള്‍ അണിഞ്ഞിരുന്നു. യോഗപടം ധരിച്ചിരുന്ന സിദ്ധന്‍ അരയില്‍ ഒഡ്യാണം ധരിച്ചിരുന്നു.(യോഗപടം യോഗികള്‍ യോഗാഭ്യാസത്തിന് മുതുകും മുഴുങ്കാലുകളും ചേര്‍ത്ത് കെട്ടുന്ന വസ്ത്രം). ശരീരത്തെ അലങ്കരിച്ചത് അസ്ഥിമാലകള്‍ കൊണ്ടാണ്. ഇങ്ങനെയുള്ള ആകൃതി വിശേഷങ്ങളോട് കൂടി മധുരയിലെ വീഥിയില്‍ കൂടി മന്ദഹാസത്തോട് കൂടി സഞ്ചരിച്ചു. അത്യന്തം തേജോമയനായ സിദ്ധനെ കണ്ടപ്പോള്‍ ജനങ്ങള്‍ക്ക് അത്ദുതം ഉണ്ടായി. ചിലര്‍ അദ്ദേഹത്തെ സ്വന്തം വസതിയിലേക്ക് ക്ഷണിച്ച് വരുത്തി. പലരും സിദ്ധനെ പൂജിച്ചു. ആഗ്രഹങ്ങള്‍ അറിയിച്ചവര്‍ക്ക് അത് പ്രദാനം ചെയ്തു. പീന്നിട് പലതരത്തിലുള്ള അത്ദുത സിദ്ധികള്‍ പ്രകടമാക്കി.
ജരാനരകള്‍ ബാധിച്ച വൃദ്ധര്‍ യൗവ്വനം വേണമെന്ന് അപേക്ഷിച്ചപ്പോള്‍ അവരുടെ ശിരസ്സില്‍ സ്പര്‍ശിച്ചു കൊണ്ട് യൗവ്വനം നല്‍കി. വന്ധ്യകള്‍ സിദ്ധനെ സമീപിച്ചപ്പോള്‍ അവരുടെ നെറ്റിയില്‍ ഭസ്മം പുരട്ടി .അപ്പോള്‍ അവര്‍ ഗര്‍ഭിണികളായി. അന്ധരും ബധിരരും മൂകരും ആയ ആളുകളുടെ ആ ദോഷങ്ങള്‍ മാറ്റിക്കൊടുത്ത് അനുഗ്രഹിച്ചു.
അംഗവൈകല്യം ഉള്ളവര്‍ക്ക് വേത്രതാഡനം കൊണ്ടും ( വേത്രം-ചുരല്‍) ഭസ്മലേപനം കൊണ്ടും വൈകല്യങ്ങള്‍ മാറ്റികൊടുത്തു.ദാരിദ്ര്യ ദുഖം അനുഭവിക്കുന്നവരുടെ ദാരിദ്ര്യം മാറ്റി സമ്പത്ത് നല്‍കി. ദരിദ്രരുടെ കയ്യിൽ ഭസ്മം നല്‍കിയപ്പോള്‍ അവരുടെ ഭവനങ്ങളില്‍ ധനധാന്യങ്ങള്‍ ധാരാളം ഉണ്ടായി.എല്ലാ ജനങ്ങള്‍ക്കും ഉപകാരപ്രദമായ അത്ഭുത കര്‍മ്മങ്ങള്‍ നല്‍കി അനുഗ്രഹിച്ച സിദ്ധന്‍ പലതരത്തിലുള്ള അത്ദുതങ്ങളാണ് പിന്നീട് പ്രകടമാക്കിയത് .
മൃഗങ്ങളുടെ രൂപങ്ങള്‍ പരസ്പരം മാറ്റി.കഴുതയെ കുതിരയാക്കാനും കുതിരയെ കഴുതയാക്കിയും പൂച്ചയെ എലിയാക്കിയും എലിയെ പൂച്ചയാക്കിയും മാറ്റി. സ്ത്രീകളെ പുരുഷന്മാരായും പുരുഷന്മാരെ സ്ത്രീകളാക്കിയും ബാലകരെ വൃദ്ധരാക്കിയും വൃദ്ധരെ ബാലകരാക്കിയും മാറ്റി. വലുതിനെ ചെറുതാക്കുക ,ചെറുതിനെ വലുതാക്കുക, കുഴിയെ കുന്നാക്കുക തുടങ്ങിയവയുമുണ്ടായി.പല വൃക്ഷങ്ങളിലും പൂക്കളും ഫലങ്ങളും മാറ്റിമാറ്റി സൃഷ്ടിച്ചു. അകലെയുള്ളതിനെ സമീപത്തേക്കും സമീപം ഉള്ളതിനെ അകലേത്തേക്കും മാറ്റി. രണ്ട് മൂന്ന് പര്‍വ്വതങ്ങളെ പിഴുതെടുത്ത് സ്വന്തം കൈകൊണ്ട് അമ്മാനമാടി. വേഗവതീ നദിയുടെ തീരത്ത് ചെന്ന് വൈള്ളം മുഴുവന്‍ വറ്റിച്ചു.പെട്ടെന്ന് വെള്ളപ്പൊക്കവും ഉണ്ടായി .പകലിനെ രാത്രിയാക്കിയും രാത്രിയെ പകലാക്കിയും അത്ഭുതങ്ങള്‍ പ്രകടിപ്പിച്ചു.മേഘമാര്‍ഗത്തില്‍ കൂടി പറന്നുചെന്ന് ഒരു മേഘത്തെ പിടിച്ചുകൊണ്ടുവന്ന് ജനങ്ങള്‍ക്ക് കാണിച്ചു കൊണ്ടുത്തു. സൂര്യചന്ദ്രാദികളേയും നഷത്രങ്ങളേയും പിടിച്ചു കൊണ്ടുവന്നു ജനങ്ങളെ കാണിച്ചു. മാടപ്രാവുകളെ പിടിച്ചു ചെവിയിലിടുകയും മൂക്കില്‍ കൂടി അവയെ പുറത്തുവിടുകയും ചെയ്തു. ചില പണ്ഡിതന്മാര്‍ സർവ്വശാസ്ത്രങ്ങളും വേദങ്ങളും പുരാണങ്ങളും അറിയുവാന്‍ ആഗ്രഹിച്ചു. അവരുടെ നാവില്‍ ഭസ്മം പുരട്ടിയപ്പോള്‍ അവര്‍ ശാസ്ത്രജ്ഞനും വേദജ്ഞനുമായി ഭവിച്ചു. ആകാശത്തില്‍ നിന്ന് ഭൂമിയിലേക്കും ഭൂമിയില്‍ നിന്ന് ആകാശത്തിലേക്കും ഓടിയും ചാടിയും ജനങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു.വീണ്ടും ആഗ്രഹങ്ങളുമായി എത്തിയ പലര്‍ക്കും അവ സാധിച്ചു കൊടുത്തു. കൂനികളായ വൃദ്ധകളെ യുവതികളാക്കി മാറ്റി .മെലിഞ്ഞ ശരീരത്തോട് കൂടിയവരെ തടിച്ച ശരീരം ഉള്ളവരാക്കി.ഉയരം കുറഞ്ഞവനായും ഉയരം കൂടിയവനായും പലരേയും മാറ്റി.
ഇങ്ങനെയുള്ള പലതരത്തിലുള്ള അത്ഭുതങ്ങള്‍ പ്രകടമാക്കി കൊണ്ട് സിദ്ധരൂപനായ ഹാലാസ്യനാഥന്‍ മധുരാനിവാസികളെ ആനന്ദിപ്പിച്ചു.ഈ അത്ഭുതകര്‍മ്മങ്ങള്‍ അറിഞ്ഞ പാണ്ഡ്യരാജാവായ അഭിഷേക പാണ്ഡ്യന്‍ അദ്ദേഹത്തെ രാജസന്നിധിയിലേക്ക് കൊണ്ടുവരാന്‍ ഏതാനും ഭൃത്യരെ നിയോഗിച്ചു. അവര്‍ സിദ്ധന്റെ സമീപം എത്തിയപ്പോള്‍ രാജനിയോഗം മറന്നുപോയി.അതുകൊണ്ട് അവരും സിദ്ധന്റെ പിന്നാലെ സന്തോഷത്തോട് കൂടി നടന്നു.ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യുന്നതാണ് സിദ്ധന്റെ ലീലകളുടെ പാരായണവും ശ്രവണവും
അവലംബം- ശ്രീ വേദവ്യാസന്‍ സ്‌കന്ദപുരാണത്തിലെ അഗസ്ത്യ സംഹിതയെ അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യ മാഹാത്മ്യം കിളിപ്പാട്ട്
അടുത്ത ഹാലാസ്യ മാഹാത്മ്യം 21 : ശിലാഗജചരിത്രം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















