ആകാശത്ത് ഓണസദ്യ വിളമ്പാൻ യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഓഗസ്റ്റ് 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്കാണ് ഇലയിൽ ഓണസദ്യ വിളമ്പുക. പ്രത്യേകം പാത്രങ്ങളിൽ വിളമ്പുന്ന സദ്യ കഴിക്കാൻ പേപ്പർ വാഴയിലയും ലഭിക്കും.
ഓണനാളിൽ എമിറേറ്റ്സിന്റെ സർപ്രൈസ് മെനുവാകും. മറ്റ് ദിനങ്ങളിൽ ശർക്കര ഉപ്പേരി, കായ വറുത്തത്, പച്ചടി, കിച്ചടി, കാളൻ, പുളിയിഞ്ചി, പപ്പടം, അച്ചാർ, ചോറ്, പായസം, കൂടാതെ ആലപ്പുഴ മീൻകറി, മട്ടൻ പെപ്പർ ഫ്രൈയും ഉണ്ടാകും. ഉച്ചയ്ക്കും രാത്രിയുമാണ് സദ്യ ലഭിക്കുക. അതിരാവിലെയുള്ള യാത്രകളിൽ സദ്യ ലഭിക്കില്ല. ദിവസവും 2000 പേർക്കുള്ള സദ്യയാണ് എമിറേറ്റ്സ് തയ്യാറാക്കുന്നത്. രണ്ടുകൂട്ടം പായസത്തോടൊപ്പമാണ് സദ്യ ലഭിക്കുക.
ഓൺബോർഡിൽ തൂശനിലയിൽ സദ്യ വിളമ്പാനുള്ള അസൗകര്യം കണക്കിലെടുത്താണ് പ്രത്യേകം ബോക്സുകളിൽ നൽകുന്നതെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. എമിറേറ്റ്സിലെ മലയാളി പാചക വിദഗ്ധരാണ് ഓണസദ്യ ഒരുക്കുന്നത്. ഓണത്തിന് മലയാള സിനിമകളും കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
Comments