കോട്ടയം: മുഖ്യമന്ത്രിയുടെ മകളും പ്രതിപക്ഷ നേതാക്കളുമെല്ലാം വാങ്ങിച്ച മാസപ്പടി പുറത്തു വന്നിരിക്കുന്ന കണക്കിനേക്കാൾ പതിമടങ്ങ് വലുതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പല കമ്പനികളുടെയും പേര് പ്രതിപക്ഷം പോലും പുറത്തു പറയുന്നില്ല, അവർക്കും അത് ബുദ്ധിമുട്ടുണ്ടാക്കും. ജെഡിടി-ഇസ്ലാം എന്ന് പറഞ്ഞ ഒരു കമ്പനിയുണ്ട്. ഇവിടുത്തെ മാദ്ധ്യമ പ്രവർത്തകർക്കെല്ലാം അറിയാം. ഈ ജെഡിടി-ഇസ്ലാം എന്തിനാണ് മുഹമ്മദ് റിയാസിന്റെ ഭാര്യക്ക് പണം നൽകിയത്. കേരളത്തിലെ പ്രധാനപ്പെട്ട ആറ് കമ്പനികൾ വീണാ വിജയന് പണം നൽകിയിട്ടുണ്ട്. ഇതിൽ പല കമ്പനികളും തെറ്റായ രീതിയിൽ പണം ഉണ്ടാക്കുകയും ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്നവയുമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
ജെഡിടി-ഇസ്ലാം, ഐഡിയൽ എഡ്യൂക്കേഷൻ സൊസൈറ്റി, ശ്രീകൃഷ്ണ ഐ-ടെക് ആൻഡ് മാനേജ്‌മെന്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സാന്റമോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, റിംസ് ഫൗണ്ടേഷൻ, അനന്തപുരി എജ്യുക്കേഷണൽ സൊസൈറ്റി എന്നീ ആറ് കമ്പനികൾ വീണാ വിജയന് മാസപ്പടിയായി പണം നൽകിയിരുന്നു. ഇതിൽ പല കമ്പനിയും ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ്. കേരളത്തിലെ അഞ്ഞൂറോളം ന്യൂനപക്ഷ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ ന്യൂനപക്ഷ വിഭാഗത്തിലെ പാവപ്പെട്ടവർക്ക് അനുവദിച്ച പണം തട്ടിപ്പിലൂടെ മാറ്റി. ഇതിനെതിരെ കേരളത്തിൽ വലിയ അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് നോക്കുമ്പോൾ മുഖ്യമന്ത്രിയുടെ മകൾക്ക് ഈ ആറ് കമ്പനികൾ എന്തിന് മാസപ്പടി നൽകി എന്നത് ഗൗരവതരമായി കാണണം. അത് ബിജെപി ചർച്ചയാക്കും. എന്തിനാണ് മുഖ്യമന്ത്രിയുടെ മകൾക്കും പ്രതിപക്ഷ നേതാക്കൾക്കും ഇവരെല്ലാം പണം കൊടുത്തിരിക്കുന്നത് എന്ന് പുറത്തു വരേണ്ടതുണ്ട്.
കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട ഒന്നാണ് മാസപ്പടി വിവാദം. എന്നാൽ കള്ളന് കഞ്ഞിവെച്ച പ്രതിപക്ഷം ഇതൊക്കെ മറച്ചു വെയ്‌ക്കാനാണ് ശ്രമിച്ചത്. എന്തുകൊണ്ടാണ് പണം നൽകിയ എല്ലാ കമ്പനികളെ കുറിച്ചും വി.ഡി സതീശനോ മാത്യു കുഴൽനാടനോ പറയാഞ്ഞത്. ആരാണ് അവരെ തടയുന്നത്. ജെഡിടി-ഇസ്ലാം ഉൾപ്പടെയുള്ള കമ്പനികളെ കുറിച്ച് എന്തിനാണ് കോൺഗ്രസ് മൗനം പാലിക്കുന്നത്. മലബാർ സിമിന്റ്സിന്റെ തട്ടിപ്പ്, ബ്രഹ്മപുരം അഴിമതി ഇങ്ങനെ എല്ലാ തട്ടിപ്പിലും സിപിഎം-കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സഹകരണ മേഖലയിലെ കൊള്ളയ്‌ക്കെതിരെ വലിയ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 300 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത് ബിജെപി പ്രവർത്തകരാണ്. അഴിമതിയിൽ ബിജെപിയാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. മുൻ മന്ത്രി എ.സി. മൊയ്തീന് അഴിമതിൽ പങ്കുണ്ടെന്ന് ബിജെപി വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്- കെ.സുരേന്ദ്രൻ പറഞ്ഞു.
Comments